മകളുടെ വിവാഹ ദിവസം പിതാവ് ജീവനൊടുക്കി; വിവാഹം നടത്തി ബന്ധുക്കൾ
text_fieldsrepresentational image
ചേർത്തല: മകളുടെ വിവാഹ ദിവസം പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ബന്ധുക്കൾ ചടങ്ങുകളോടെ വിവാഹം നടത്തി. ചേർത്തല കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് (54) വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ചത്.
വീട് ഭാഗികമായി കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മൂത്ത മകൾ സൂര്യയുടെയും തിരുവിഴാ സ്വദേശി കൃഷ്ണദാസിന്‍റെയും വിവാഹം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കാട്ട്കട ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രന്‍റെ ഭാര്യ ഒരു വർഷം മുമ്പ് മരിച്ചു. ഇതിനുശേഷം പെൺമക്കൾ പുത്തനമ്പലം കാട്ട്കടയിലെ മാതാവിന്‍റെ വീട്ടിലായിരുന്നു താമസം.
സുരേന്ദ്രൻ മക്കളെ സംരക്ഷിക്കാതെ അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. മൂത്ത മകളായ സൂര്യ മുൻകൈയെടുത്ത് നേരത്തേ സഹോദരി ആര്യയുടെ വിവാഹം നടത്തിയിരുന്നു. പണം നൽകണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ സൂര്യയെ ശല്യം ചെയ്തിരുന്നു. മകളോടുള്ള വൈരാഗ്യം തീർക്കുന്നതിന്‍റെ ഭാഗമായാണ് കല്യാണ ദിവസം വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ബന്ധുക്കൾ ചടങ്ങുകളോടെ വിവാഹം നടത്തുകയായിരുന്നു. ഭാര്യ: പരേതയായ ഉഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

