പതിമൂന്നുകാരനെ മർദിച്ച പിതാവ് അറസ്റ്റിൽ
text_fieldsജലാലുദ്ദീന്‍കുഞ്ഞ്
കരുനാഗപ്പള്ളി: പതിമൂന്നുകാരനായ മകനെ മർദിച്ചവശനാക്കി ജനലിൽ പൂട്ടിയിട്ട പിതാവ് അറസ്റ്റിൽ. മദ്യപിച്ച് ലക്കുകെട്ട പിതാവിന്റെ മർദനത്തിൽ കുട്ടിയുടെ കൈക്കും തോളെല്ലിനും പൊട്ടലുണ്ട്. കരുനാഗപ്പള്ളി അയണിവേലികുളങ്ങര കോഴിക്കോട് ചാലില്‍ തെക്കതില്‍ ജലാലുദ്ദീന്‍കുഞ്ഞ്(39) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കേബിള്‍ വയറുകൊണ്ട് തോളിലും പുറത്തും അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്ത പാടുകളുണ്ട്. മർദനത്തിൽ കുട്ടി കരഞ്ഞപ്പോള്‍ തോർത്ത് വായിൽ തിരുകിയ ശേഷം സൈക്കിള്‍ പൂട്ടിവെക്കാന്‍ ഉപയോഗിക്കുന്ന ചങ്ങലകൊണ്ട് കൈ ജനല്‍കമ്പിയില്‍ കെട്ടുകയും കേബിള്‍ വയര്‍കൊണ്ട് വീണ്ടും മാരകമായി മര്‍ദിക്കുകയുമായിരുന്നു.
ഭാര്യയെയും കുട്ടിയെയും നിരന്തരം മർദിച്ചതിൽ ഇയാൾക്കെതിരെ പൊലീസിൽ പരാതി നിലനിൽക്കെയാണ് സംഭവം. ഇയാൾ മദ്യപിച്ച് നാട്ടുകാർക്ക് നിരന്തര ശല്യമുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ വില്ലേജ് ജങ്ഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും വധശ്രമത്തിനും കേസുകൾ രജിസ്റ്റർ ചെയ്തു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷിജു, ഷാജിമോന്‍, എ. റഹീം, എ.എസ്.ഐ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

