കോഴിക്കോട് അദിതി നമ്പൂതിരി കൊലക്കേസിൽ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം; കൊലക്കുറ്റം നിലനിൽക്കില്ലെന്ന കീഴ്കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsപ്രതികളായ സുഹ്മണ്യൻ നമ്പൂതിരി, റംലാ ബീഗം
കോഴിക്കോട്: ആറുവയസുകാരി അദിതി നമ്പൂതിരിയുടെ കൊലപാതക കേസിൽ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവ്. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്കാണ് ഹൈകോടതി ശിക്ഷ വിധിച്ചത്.
തടവുശിക്ഷ പുറമെ പ്രതികൾ രണ്ട് ലക്ഷം രൂപ പിഴ നൽകണം. പിഴ നൽകിയില്ലെങ്കിൽ കൂടുതൽ കാലം തടവുശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി.
പ്രതികൾക്കെതിരെ കൊലപാതകകുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് സെഷൻസ് കോടതി നേരത്തെ വിധിച്ചത്. ഈ വിധിയെ ചോദ്യംചെയ്ത് പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2013ലാണ് അദിതി നമ്പൂതിരിയെ പട്ടിണിക്കിട്ടും ശാരീരികമായി പീഡിപ്പിച്ചും പ്രതികൾ കൊലപ്പെടുത്തിയത്. കുട്ടികൾക്കെതിരായ ക്രൂരകൃത്യങ്ങളുടെ വകുപ്പുകൾ മാത്രം ചുമത്തി ഒന്നാം പ്രതിക്ക് മൂന്നു വർഷവും രണ്ടാം പ്രതിക്ക് രണ്ട് വർഷവും തടവുശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിച്ചത്.
ഹൈകോടതി നിർദേശപ്രകാരം സൈബർ സെല്ലിന്‍റെ സഹായത്തോടെ നടക്കാവ് പൊലീസ് കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയിൽ എടുത്തിരുന്നു. കോഴിക്കോട്ടിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യവെ രാമനാട്ടുകരയിൽ വെച്ചാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

