പുഴ കാണിക്കാൻ പോയ പിതാവിനെയും മകനെയും ഒഴുക്കിൽപെട്ട് കാണാതായി
text_fieldsRepresentative Image
തിരൂരങ്ങാടി: മക്കളെ പുഴ കാണിക്കാൻ പോയ പിതാവിനെയും മകനെയും ഒഴുക്കിൽപെട്ട് കാണാതായി. കടലുണ്ടിപ്പുഴയിൽ കക്കാട് ബാക്കിക്കയം െറഗുലേറ്റർ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങൽ അലവിയുടെ മകൻ ഇസ്മാഈൽ (36), മകൻ മുഹമ്മദ് ശംവീൽ (ഏഴ്) എന്നിവരെയാണ് കാണാതായത്. മകൻ ശാനിബിനെ (ഒമ്പത്) അയൽവാസി രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. ഇസ്മാഈൽ കക്കാട് ബാക്കിക്കയം ഭാഗത്ത് പുതിയ വീട് വെച്ച് താമസം മാറിയിട്ട് പതിനെട്ട് ദിവസമേ ആയിട്ടുള്ളൂ. പുഴയിൽ പോകാൻ കുട്ടികൾ ആവശ്യപ്പെടുമായിരുന്നെങ്കിലും ഇസ്മാഈൽ സമ്മതിക്കാറില്ലായിരുന്നു. എന്നാൽ, ഇന്നലെ കുളിക്കാൻ പോയ അയൽവാസിയായ കുട്ടിയോടൊപ്പം മക്കളെ പുഴ കാണിക്കാൻ പോയതായിരുന്നു.
മുഹമ്മദ് ശംവീൽ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീണു. തിരയുന്നതിനിടെ ഇസ്മാഈലിനെയും കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടി വിവരമറിയിച്ചതോടെയാണ് നാട്ടുകാരറിഞ്ഞത്. തുടർന്ന് തിരൂരങ്ങാടി തഹസിൽദാരുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബൂദബിയിൽ ജോലിചെയ്യുകയായിരുന്ന ഇസ്മാഈൽ ഡിസംബറിൽ തിരിച്ചുപോവാനിരിക്കുകയാണ്. മാതാവ്: മമ്മാത്തു, ഭാര്യ: സാജിത.

