മകന് പുതുജീവൻ നൽകിയ പൊലീസിന് ഒരച്ഛെൻറ നിറഞ്ഞ സ്നേഹം
text_fieldsതൃശൂർ: 'നന്ദി...വാക്കിലൊതുങ്ങില്ല...പറഞ്ഞു തീരാത്ത കടപ്പാടുണ്ട് ആ സ്നേഹത്തിന്'... ഒരച്ഛെൻറ സ്നേഹവാക്കുകൾ...അമൃത എക്സ്പ്രസിൽ നിന്നും അർധരാത്രി തെറിച്ചുവീണ് ചോര വാർന്ന് കിടന്ന ഹേമന്തിനെ രക്ഷിച്ച പൊലീസുകാർക്ക് അച്ഛെൻറ അഭിനന്ദനവും, മതിവരാത്ത സ്നേഹവായ്പും. തൃശൂർ വെസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ വി.എ രമേശ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.കെ. സന്തോഷ്, അനിൽകുമാർ, ടി. ഉന്മേഷ് എന്നിവരുടെ ഇടപെടലാണ് ഒരു കുടുംബത്തിന് താങ്ങായ ഹേമന്തിനെ രക്ഷപ്പെടുത്തിയത്. പൂങ്കുന്നം റെയിൽവേ സ്റ്റേഷനടുത്ത് വെച്ച് തീവണ്ടിയിൽ നിന്നും തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ് കിടന്ന ഹേമന്തിനെ സമയത്തിന് ആശുപത്രിയിലെത്തിക്കാനായത് പൊലീസ് സേനാംഗങ്ങളുടെ ഇടപെടലായിരുന്നു. ജീവൻ തിരിച്ചുകിട്ടിയത് ഈ അവസരോചിത ഇടപെടലാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു.
ഹേമന്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ അച്ഛൻ വി.പി. അശോകൻ ആദ്യം ഒാർത്തത് മകെൻറ ജീവൻ രക്ഷിച്ച പൊലീസുകാരെയായിരുന്നു. സിറ്റി പൊലീസ് കമീഷണർ ജി. യതീഷ് ചന്ദ്രക്ക് അശോകൻ നന്ദിയറിയിച്ചും കടപ്പാടറിയിച്ചും കത്തെഴുതിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കണ്ണൂർ സ്വദേശിയായ എ.എസ്. ഹേമന്ത് (26) എറണാകുളത്തേക്ക് ജോലിക്ക് പോകവേ മേയ് 29ന് രാത്രി 12.10നായിരുന്നു അപകടമുണ്ടായത്. തീവണ്ടിയിൽ നിന്ന് തെറിച്ച് വീണതൊന്നും ഇപ്പോൾ ഹേമന്തിന് ഓർത്തെടുക്കാനാകുന്നില്ലാ. എന്നാൽ പൊലീസുകാരെത്തി ആശുപത്രിയിൽ കൊണ്ടുപോയതും ജീവിതം തിരിച്ചുപിടിച്ചതും എങ്ങനെ മറക്കാനാകുമെന്ന് ഹേമന്ത് പറഞ്ഞു.
കൊച്ചിയിലെ നവഗതി മറൈൻ ഡിസൈൻ കൺസ്ട്രക്ഷനിൽ എൻജിനീയറാണ് ഹേമന്ത്. ട്രെയിനിൽ നിന്ന് ഒരാൾ വീണിട്ടുണ്ടെന്ന വിവരമറിഞ്ഞയുടൻ നൈറ്റ് ഡ്യൂട്ടിക്കാരായ വെസ്റ്റ് പൊലീസ് ടീം ഓടിയെത്തി, ഹേമന്തിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പഴ്സിലുള്ള ആധാർ കാർഡിലെ വിലാസത്തിൽ വിവരം അറിയിക്കുകയും ചെയ്തു. റിട്ട. അധ്യാപകനായ അശോകെൻറ വികാരനിർഭരമായ കത്ത് കിട്ടിയ ഉടൻ കമീഷണർ സംഭവമന്വേഷിച്ച് പൊലീസുദ്യോഗസ്ഥർക്ക് ഗുഡ് സർവിസ് എൻട്രിയും, പ്രശസ്തി പത്രവും നൽകാൻ ഉത്തരവിട്ടു. രക്ഷകരായ പൊലീസുകാരെ അഭിനന്ദിക്കാനായി താൻ അടുത്ത് തന്നെ കമീഷണർ ഓഫിസിൽ എത്തുമെന്നും അശോകൻ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
