മട്ടന്നൂർ സ്ഫോടനത്തിൽ മരിച്ചത് പിതാവും മകനും; ആക്രി സാധനം തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാമെന്ന് പൊലീസ്
text_fieldsസ്‌ഫോടനം നടന്ന വീട്ടുപരിസരത്തെത്തിയ ജനക്കൂട്ടം. ഉൾച്ചിത്രത്തിൽ മരിച്ച ഫസല്‍ ഹഖ്, മകന്‍ ശഹീദുൽ ഹഖ്
മട്ടന്നൂര്‍: മട്ടന്നൂരിൽ പാഴ്വസ്തു ശേഖരിക്കുന്ന വീട്ടിലുണ്ടായ സ്ഫോടനത്തിൽ മരിച്ചത് അസം സ്വദേശികളായ പിതാവും മകനും. 19ാം മൈല്‍ കാശിമുക്കിലെ സ്‌ഫോടനത്തില്‍ അസം സ്വദേശികളായ ഫസല്‍ ഹഖ്(45), മകന്‍ ശഹീദുൽ ഹഖ് (22) എന്നിവരാണ് മരിച്ചത്. ശേഖരിച്ച വസ്തുക്കളില്‍ നിന്നു ലഭിച്ച ഉല്പന്നം വീടിനുള്ളില്‍നിന്നു തുറന്നു നോക്കുമ്പോള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ച വൈകീട്ട് 5.30 ഓടെ 19ാം മൈല്‍ കാശിമുക്ക് നെല്ല്യാട് ക്ഷേത്രത്തിനുസമീപം പാഴ് വസ്തുക്കള്‍ ശേഖരിച്ചുവെച്ച ഓടുമേഞ്ഞ ഇരുനില വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. മാസങ്ങളായി ഇവിടെ പാഴ് വസ്തുക്കള്‍ ശേഖരിച്ചു വരികയാണ്.
അസം സ്വദേശികളാണ് ഇവിടെ താമസം. കനത്ത മഴക്കിടെ വൻസ്‌ഫോടനശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീടിന്റെ മുകള്‍നിലയില്‍ ഒരാള്‍ മരണപ്പെട്ടതായി കണ്ടത്. സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേരാണ് ഈ വാടക വീട്ടിൽ താമസിക്കുന്നത്. റോഡരികിലെ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ശേഖരിച്ച് താമസ സ്ഥലത്തെ വാടക വീട്ടില്‍ സൂക്ഷിക്കുകയാണ് ഇവരുടെ പതിവ്.
കണ്ണൂര്‍സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപ്പൊയില്‍, മട്ടന്നൂര്‍ സി.ഐ എം. കൃഷ്ണന്‍, എസ്.ഐ കെ.വി. ഉമേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.