Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്ഛനും മകൾക്കും...

അച്ഛനും മകൾക്കും പിങ്ക് പൊലീസിന്‍റെ അപമാനം: ലാഘവത്തോടെ കാണാനാവില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
അച്ഛനും മകൾക്കും പിങ്ക് പൊലീസിന്‍റെ അപമാനം: ലാഘവത്തോടെ കാണാനാവില്ലെന്ന്​ ഹൈകോടതി
cancel

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്​ടാക്കളായി ചിത്രീകരിച്ച്​ ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവം ലാഘവത്തോടെ കാണാനാവില്ലെന്ന്​ ഹൈകോടതി. ആരോപണവിധേയയായ ഉദ്യോഗസ്​ഥ സർവിസിൽ തുടരുന്നുണ്ടോയെന്ന്​ ആരാഞ്ഞ ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ, ഇവരെയും കേസിൽ കക്ഷിചേർക്കാൻ നിർദേശിച്ചു. കൊല്ലം ജില്ല ക്രൈം റെക്കാർഡ്സ് ബ്യൂറോയിൽ ജോലി ചെയ്യുന്ന ഇവർക്ക് ഡി.ജി.പി മുഖേന നോട്ടീസ് നൽകണം. ഇവർക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ പൊലീസ്​ മേധാവിക്ക്​ കോടതി നിർദേശം നൽകി.

ഉദ്യോഗസ്​ഥക്കെതിരെ നടപടിയുണ്ടായില്ലെന്നും അവർക്ക്​ ഗുണപ്രദമായ രീതിയിലുള്ള സ്​ഥലംമാറ്റം മാത്രമാണുണ്ടായതെന്നും ചൂണ്ടിക്കാട്ടി പരസ്യ വിചാരണക്കിരയായ തോന്നക്കൽ ജയചന്ദ്ര​െൻറ മൂന്നാം ക്ലാസുകാരിയായ മകൾ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. തനിക്കുണ്ടായ അപമാനത്തിന് 50 ലക്ഷം നഷ്​ട പരിഹാരം നൽകാൻ ഉത്തരവിടണമെന്നും പിതാവ്​ മുഖേന പെൺകുട്ടി നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നു.

ആഗസ്​റ്റ്​ 27നാണ് മൊബൈൽ ഫോൺ മോഷ്​ടിച്ചുവെന്ന പേരിൽ ജയചന്ദ്ര​െനയും മകളെയും പൊലീസ് നടുറോഡിൽ അപമാനിച്ചത്. ആറ്റിങ്ങൽ മൂന്ന​ുമുക്ക് ജങ്​ഷനിൽവെച്ച്​ അച്ഛനെയും മകളെയും തടഞ്ഞുവെച്ച് അപമാനിക്കുന്നതിനിടെ ഉദ്യോഗസ്​ഥയുടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽനിന്നുതന്നെ കണ്ടെത്തിയിരുന്നു.

ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക്​ മാറ്റിയെന്നും ബിഹേവിയറൽ ട്രെയിനിങ്ങിന് അയച്ചെന്നുമാണ്​ വിവരം ലഭിച്ചതെന്നും​ പൊലീസിനുവേണ്ടി ഹാജരായ അസി. പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. എന്നാൽ, പൊലീസ് നന്നാകണമെന്ന്​ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നിട്ടും മാറ്റമൊന്നുമില്ലെന്ന്​ കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഒരു കുട്ടിയോട് എങ്ങനെയാണ്​ പൊലീസ് ഓഫിസർക്ക്​ ഇങ്ങനെ പെരുമാറാൻ കഴിയുക. ഇതുസംബന്ധിച്ച് രാജ്യാന്തര കൺ​െവൻഷനുകളും മാർഗനിർദേശങ്ങളും നിലവിലുള്ളതല്ലേ.

കുട്ടികൾക്ക് മാനസികാഘാതമുണ്ടാക്കുന്ന നടപടികളുണ്ടായാൽ അടുത്ത തലമുറ പൊലീസിനെക്കുറിച്ച് എന്താണ് ധരിക്കുക. എട്ടു വയസ്സുള്ള ഒരു പെൺകുട്ടിയുടെ കാര്യമാണിത്​. കാക്കിയിട്ട ആരെ കണ്ടാലും ഭയക്കുന്ന സ്ഥിതിയിലാണ്​ കുട്ടിയിപ്പോൾ. കൗൺസലിങ്​ ഉൾപ്പെടെ സഹായം ആവശ്യമുണ്ടെങ്കിൽ അക്കാര്യം അറിയിക്കാൻ ഹരജിക്കാരിയുടെ അഭിഭാഷകയോട്​ കോടതി ആവശ്യപ്പെട്ടു. ആരോപണങ്ങൾ ശരിയോ തെറ്റോയെന്ന്​ ഈ ഘട്ടത്തിൽ പറയാനാവില്ലെങ്കിലും സംഭവം എല്ലാ ഗൗരവത്തോടെയും ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടേണ്ടതുണ്ടെന്ന്​ വ്യക്​തമാക്കിയ കോടതി, തുടർന്ന്​ ഹരജി നവംബർ 29ന്​ പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pink PoliceKerala Police
News Summary - Father and daughter insulted by Pink Police: High Court says it cannot be taken lightly
Next Story