ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി ഖമറുദ്ദീനെതിരായ 89 കേസുകളും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
text_fieldsഎം.സി. കമറുദ്ദീൻ എം.എൽ.എ (ഫയൽ)
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയർമാൻ എം.സി ഖമറുദ്ദീൻ എം.എൽ.എക്കെതിരെ രജിസ്റ്റർ ചെയ്ത 89 കേസുകളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ജില്ല പൊലീസ് ആസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘമാകും ഇനി കേസ് അന്വേഷിക്കുക.
പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ അടക്കം നേരത്തെയുള്ള എഫ്.ഐ.ആർ റദ്ദാക്കിയതായി പരാതികാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രാദേശിക സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ചന്തേര, കാസർകോട്, പയ്യന്നൂർ സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്‍റെ മാനേജർ അടക്കം 13 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഖമറുദ്ദീൻ സമർപ്പിച്ച ഹരജി ഹൈകോടതി 27ന് പരിഗണിക്കും. ഹരജിയിൽ ക്രൈംബ്രാഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
ചെയർമാൻ എം.സി. ഖമറുദ്ദീനെ കൂടാതെ എം.ഡി. ടി.കെ. പൂക്കോയ തങ്ങൾ, ഡയറക്ടർ ഹാരിസ് അബ്ദുൽ ഖാദർ, കാസർകോട് ബ്രാഞ്ച് ടി.കെ. ഹിഷാം അടക്കമുള്ളവരാണ് കേസിലെ പ്രതികൾ.