ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: ഖമറുദ്ദീൻ എം.എൽ.എയെ ചോദ്യം ചെയ്യുന്നു
text_fieldsകാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ കേസിൽ പ്രതിയായ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെ അന്വേഷണം സംഘം ചോദ്യം ചെയ്യുന്നു. കാസർകോട് എസ്.എം.എസ് ഡിവൈ.എസ്.പി വിവേക് കുമാറിൻെറ നേതൃത്വത്തിൽ എസ്.പി ഓഫിസിൽവെച്ചാണ് ചോദ്യം ചെയ്യുന്നത്. 10 മണിയോടെയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്.
ജനറൽ മാനേജർ പൂക്കോയ തങ്ങൾ ഉൾപ്പെടെ കമ്പനിയിലെ 16 ഡയറക്ടർമാരെയും ജീവനക്കാരെയും നേരത്തെ ചോദ്യംചെയ്തിരുന്നു. കൂടാതെ, കേസ് ഒത്തുതീർക്കാൻ മുസ്ലിം ലീഗ് നേതൃത്വം മധ്യസ്ഥതക്ക് ഏൽപിച്ച കല്ലട്ര മാഹിൻ ഉൾപ്പെടെ 60 പേരെയും ഇതുവരെ ചോദ്യംചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബാങ്ക് പരിശോധനകളിൽ നിന്നുമായി സുപ്രധാന രേഖകൾ കണ്ടെത്തിയെന്നും നിർണായക നടപടി ഉടൻ പ്രതീക്ഷിക്കാമെന്നും അന്വേഷണസംഘം ഇന്നലെ സൂചന നൽകിയിരുന്നു.
അതേസമയം, കേസിലെ കേന്ദ്രബിന്ദുവും ജ്വല്ലറി ചെയർമാനുമായ എം .സി. ഖമറുദ്ദീൻ എം.എൽ.എയെ ഇതുവരെ ചോദ്യംചെയ്യാത്തത് എതിർപ്പിനിടയാക്കിയിരുന്നു. അദ്ദേഹത്തെ തൊടാതെയുള്ള അന്വേഷണം സംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
സിവിൽ കേസ് ആണെന്ന വാദം ഉയർത്തിയാണ് എം.സി. ഖമറുദ്ദീൻ കേസിനെ നേരിടുന്നത്. ഹൈകോടതിയിൽ ഹരജിയും നൽകി. വഞ്ചനക്കേസിന് ബലമേകുന്ന ഒരു സർട്ടിഫിക്കറ്റിലും ഒപ്പുവെച്ചിട്ടില്ല എന്നാണ് ലീഗ് നേതൃത്വത്തെ എം.എൽ.എ അറിയിച്ചിരിക്കുന്നത്. നിയമോപദേശവും അങ്ങനെയാണ് ലീഗ് നേതൃത്വത്തിന് ലഭിച്ചത്. അതേസമയം, എം.എൽ.എ സ്ഥാനം രാജിവെപ്പിക്കാൻ ലീഗിൽ ധാരണയായിട്ടില്ല. മഞ്ചേശ്വരം മണ്ഡലത്തിെൻറ പ്രത്യേക സാഹചര്യവും രാജിവെച്ചാൽ കുറ്റം സമ്മതിക്കുന്നതിന് തുല്യമാകും എന്ന വാദവും ലീഗ് പരിഗണിക്കുന്നു.
രാജിവെക്കുന്നതോടെ ബാധ്യതകൾ തീർക്കാൻ കൂടുതൽ സമ്മർദവുമുണ്ടാവും. അതിനുള്ള വഴികൾ ഇല്ലെന്നാണ് മധ്യസ്ഥനായ കല്ലട്ര മാഹിൻ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. പൊലീസിെൻറ നീക്കമനുസരിച്ച് കോടതിയെ സമീപിച്ച് എം.എൽ.എക്ക് എതിരെയുണ്ടാകുന്ന പ്രഹരം കുറക്കാനാണ് ലീഗ് നേതൃത്വത്തിെൻറ ശ്രമം.