ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി. ഖമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡി കസ്റ്റഡിയിൽ
text_fieldsകാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ കമ്പനി ചെയർമാനും മുൻ എം.എൽ.എയുമായ എം.സി. ഖമറുദ്ദീനും ജനറൽ മാനേജർ പൂക്കോയ തങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ. തിങ്കളാഴ്ചയാണ് ചോദ്യംചെയ്യാനായി ഇരുവരേയും വിളിപ്പിച്ചത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ബുധനാഴ്ച ഇ.ഡി കസ്റ്റഡിയിൽ വാങ്ങുകയുമായിരുന്നു.
എം.സി. ഖമറുദ്ദീനേയും പൂക്കോയ തങ്ങളേയും നിലവിൽ ചോദ്യംചെയ്തുവരുകയാണ്. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. ഇ.ഡിയുടെ അന്വേഷണത്തിൽ ഏകദേശം 150 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പറയുന്നത്. 2020 ആഗസ്റ്റ് 27നാണ് ഇതുസംബന്ധിച്ച് ആദ്യകേസ് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചിരുന്നത്. സംസ്ഥാനത്ത് നാലിടങ്ങളിലാണ് ഫാഷൻ ഗോൾഡ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപിച്ചത്തുകയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ലെന്നുമാണ് കേസ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ അറുപതോളം പുതിയ പരാതികളിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 168 പരാതികൾ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കുറ്റപത്രം സമർപ്പിച്ചുകൊണ്ടിരിക്കെയാണ് ഇപ്പോഴത്തെ അറസ്റ്റും ചോദ്യംചെയ്യലും. സാമ്പത്തിക ഇടപാടുകള്‍, വിദേശനിക്ഷേപം, ആസ്തിവിവരങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ഇപ്പോഴത്തെ ചോദ്യംചെയ്യലെന്നാണ് അറിവ്. ഇ.ഡിയുടെ കോഴിക്കോട്ടെ കല്ലായി ഓഫിസിലാണ് ഇരുവരേയും ചോദ്യംചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

