ഫാഷൻ ഗോൾഡ് തട്ടിപ്പ്: ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഒളിവിൽ
text_fieldsകാസർകോട്/ചെറുവത്തൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയും ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടറുമായ ടി.കെ. പൂക്കോയ തങ്ങൾ ഒളിവിൽ. രണ്ടാം പ്രതിയും കമ്പനി ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീൻ എം.എൽ.എ ശനിയാഴ്ച അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യലിന് ഹാജരാകാൻ ശനിയാഴ്ച തന്നെ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.
ഞായറാഴ്ച അന്വേഷണം നടത്തിയിട്ടും പൊലീസിന് കണ്ടെത്താനായില്ല. തിങ്കളാഴ്ച ഇയാൾ കോടതിയിൽ കീഴടങ്ങുമെന്ന് അഭ്യൂഹമുണ്ട്. കാസർകോട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന എം.എൽ.എയുടെ ജാമ്യഹരജി ജില്ല കോടതി തിങ്കളാഴ്ച പരിഗണിക്കും.കമ്പനി കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് എം.സി. ഖമറുദ്ദീൻ എം.എൽ.എ മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഫാഷൻ ഗോൾഡ് എം.ഡിയായ പൂക്കോയ തങ്ങൾ തന്നെ വഞ്ചിക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ സജീവമായതിനാൽ ജ്വല്ലറി കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. സ്ഥാപനത്തിെൻറ ചെയർമാൻ താനാണെങ്കിലും അതെല്ലാം രേഖയിൽ മാത്രമായിരുന്നു.
ഇടപാടുകളെല്ലാം നേരിട്ട് നടത്തിയതും നിയന്ത്രിച്ചതും പൂക്കോയ തങ്ങളാണ്. എല്ലാം നല്ലനിലയിലാണ് നടക്കുന്നതെന്ന് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും എം.എൽ.എയുടെ മൊഴിയിലുണ്ട്. അതേസമയം, രണ്ടു പ്രതികള്‍ക്കും കേസില്‍ തുല്യപങ്കാളിത്തമാണുള്ളതെന്ന് റിമാൻഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജ്വല്ലറി പൂട്ടിയതിനു ശേഷവും ആസ്തികൾ വിറ്റത് മറ്റൊരു തെളിവാണ്. വഞ്ചനക്കുറ്റം (ഐ.പി.സി 420), വിശ്വാസവഞ്ചന (406), പൊതുപ്രവര്‍ത്തകനെ ഏൽപിച്ച തുക ക്രമവിരുദ്ധമായി വിനിയോഗിക്കൽ (409) എന്നിവ പ്രകാരമാണ് കേസ്.