ഫാറൂഖ് കോളജിന് മുനമ്പം അന്ന് വഖഫ് ഭൂമി; ഇന്ന് ഇഷ്ടദാനം
text_fieldsകൊച്ചി: മുനമ്പത്തെ വിവാദഭൂമി ഇഷ്ടദാനം കിട്ടിയതാണെന്ന് ഇന്ന് ശക്തിയുക്തം വാദിക്കുന്ന ഫാറൂഖ് കോളജ് അധികൃതർ, ഭൂമി വഖഫാണെന്ന് 55 വർഷംമുമ്പ് കോടതിയിൽ ആവർത്തിച്ച് ബോധിപ്പിച്ചതായി രേഖകൾ. സിദ്ദീഖ് സേട്ട് വഖഫ് ചെയ്ത ഭൂമിയിൽനിന്ന് കോളജ് പാട്ടത്തിന് നൽകിയ 135.11 ഏക്കറിലെ കൃഷിയും ആദായമെടുപ്പുമായി ബന്ധപ്പെട്ട തർക്കം സംബന്ധിച്ച് 1967ൽ പറവൂർ സബ് കോടതിയിലെത്തിയ കേസിലാണ് ഭൂമി വഖഫാണെന്ന് നാലുതവണ സത്യവാങ്മൂലം നൽകിയത്.
ഇതിന്റെ പകർപ്പുകൾ മുനമ്പം വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച കമീഷന് വഖഫ് ബോർഡ് കൈമാറിയിട്ടുണ്ട്. ഭൂമിയിൽ കുടിയാണ്മ അവകാശം ഉന്നയിച്ച് 14 പേർ നൽകിയ ഹരജിയിൽ (നമ്പർ 53/1967) കോളജിനുവേണ്ടി കുന്ദമംഗലം മണ്ണത്ത് മണ്ണിൽ മുഹമ്മദ് ഇസ്മാഈൽ ഹാജിയുടെ മകൻ കലന്തൻ എന്നയാളാണ് 1970 ഫെബ്രുവരി 14ന് സത്യവാങ്മൂലങ്ങൾ സമർപ്പിച്ചത്. കോളജിന്റെ വ്യവഹാര കാര്യസ്ഥനാണ് കലന്തൻ എന്നാണ് ഇവയിൽ പറയുന്നത്.
എതിർകക്ഷികൾ സമർപ്പിച്ച പത്രികകളിൽ ഭൂപരിഷ്കരണ നിയമഭേദഗതി പ്രകാരമുള്ള ആനുകൂല്യങ്ങൾ കിട്ടുന്നതിനാവശ്യമായ വസ്തുതകളില്ലെന്നും ഇതിന് വിപരീതമായ പുതിയ പത്രികകൾ സ്വീകരിക്കരുതെന്നും അവർക്ക് പാട്ടാവകാശത്തിന് അർഹതയില്ലെന്നും വാദിക്കുന്നതാണ് ആദ്യ സത്യവാങ്മൂലം.
കേസിലെ വാദിയായ കോളജ് പൊതുസ്വഭാവമുള്ള വിദ്യാഭ്യാസ സ്ഥാപനമാണെന്നും മുനമ്പത്തെ ഭൂമി പബ്ലിക് ട്രസ്റ്റിന്റെ നിർവചനത്തിൽ ഉൾപ്പെടുന്ന വഖഫ് ആണെന്നും ഇതിൽ വ്യക്തമായി പറയുന്നു. ഭൂമി കോളജിന് വഖഫായി കിട്ടിയതും അപ്രകാരം കരുതി പെരുമാറി വരുന്നതുമാണെന്നും മറ്റ് മൂന്ന് സത്യവാങ്മൂലങ്ങളിലും ആവർത്തിക്കുന്നുണ്ട്. സത്യവാങ്മൂലങ്ങളിൽ പറയുന്ന കാരണങ്ങളാൽ എതിർകക്ഷികളുടെ ഹരജി ചെലവ് സഹിതം തള്ളണമെന്ന് കാണിച്ച് കോളജ് മാനേജിങ് കമ്മിറ്റി ജോയന്റ് സെക്രട്ടറി എം.വി. ഹൈദ്രോസ് ഓരോ സത്യവാങ്മൂലത്തിനൊപ്പവും കോടതിയിൽ ആക്ഷേപവും ബോധിപ്പിച്ചിട്ടുണ്ട്.
കുടികിടപ്പവകാശത്തെ എതിർക്കാൻ ഭൂമി വഖഫാണെന്ന് അരനൂറ്റാണ്ട് മുമ്പ് കോടതിയിൽ സത്യവാങ്മൂലം നൽകിയ കോളജ്, ഇപ്പോൾ ഭൂമിയുടെ അനധികൃത വിൽപനയെ ന്യായീകരിക്കാൻ ഇഷ്ടദാനം എന്ന വാദം ഉയർത്തുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മുനമ്പം കമീഷന് മുന്നിൽ വഖഫ് ബോർഡിന്റെ അവകാശവാദം സ്ഥാപിക്കുന്നതിൽ നിർണായകമായി മാറുകയാണ് ഈ സത്യവാങ്മൂലങ്ങൾ. ഭൂമി വഖഫ് ചെയ്ത മുഹമ്മദ് സിദ്ദീഖ് സേട്ട് 1956 ഒക്ടോബർ ഒന്നിന് നിലവിൽവന്ന ട്രാവൻകൂർ-കൊച്ചിൻ വഖഫ് ബോർഡിൽ അംഗമായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും കമീഷന് സമർപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.