'മുനമ്പം ഭൂമി ഇഷ്ടദാനം'; കമീഷനിൽ നിലപാട് വ്യക്തമാക്കി ഫാറൂഖ് കോളജ്
text_fieldsകാക്കനാട് (കൊച്ചി): മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫല്ലെന്നും ഇഷ്ടദാനമായി കിട്ടിയതാണെന്നും ഫാറൂഖ് കോളജ് മാനേജ്മെന്‍റ്. മുനമ്പം ഭൂമി വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷന്‍റെ വെള്ളിയാഴ്ച നടന്ന ആദ്യ ഹിയറിങ്ങിലാണ് കോളജ് പ്രതിനിധികൾ നിലപാട് വ്യക്തമാക്കിയത്. ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ വഖഫായി കൈമാറുന്നു എന്നാണ് ആധാരത്തിലുള്ളതെന്നും അതുകൊണ്ടുതന്നെ മുനമ്പം ഭൂമി സാധാരണ വഖഫിന്‍റെ പരിധിയിൽ വരില്ലെന്നും കോളജ് കമീഷനെ അറിയിച്ചു.
ആധാരത്തിൽ വഖഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂമി കൈമാറ്റത്തിന്‍റെ വ്യവസ്ഥകളിൽനിന്ന് അത് ഇഷ്ടദാനമാണെന്ന് വ്യക്തമാകുന്നതായി ഫാറൂഖ് കോളജ് അഭിഭാഷകൻ മായിൻകുട്ടി മേത്തർ വാദിച്ചു. വഖഫ് സ്ഥിരം കൈമാറ്റമാണെന്ന് അറിയാവുന്ന ഉടമ ക്രയവിക്രയ അധികാരം നൽകിയതുതന്നെ ഇഷ്ടദാനത്തിന് തെളിവാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സമാനമായ കേസുകളിൽ മുമ്പുണ്ടായ വിധികൾ അടക്കം സൂചിപ്പിച്ചാണ് കോളജ് തങ്ങളുടെ ഭാഗം അവതരിപ്പിച്ചത്.
അടുത്ത ഹിയറിങ് ജനുവരി 15, 22 തീയതികളിലാണ്. വഖഫ് ബോർഡിന്‍റെ വാദം വെള്ളിയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും കൂടുതൽ സമയം തേടുകയായിരുന്നു. ഹിയറിങ് കേൾക്കാൻ വഖഫ് സംരക്ഷണ സമിതി, ഭൂമി സംരക്ഷണ സമിതി അംഗങ്ങളും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.