ടാറിൽ തിളച്ചുരുകിയൊരു യൗവനമുണ്ടീ പൊലീസുകാരന് VIDEO
text_fieldsഫറോക്ക്: മഹാകവി രവീന്ദ്രനാഥ ടാഗോർ പറഞ്ഞിട്ടുണ്ട്, ദൈവത്തെ തിരഞ്ഞു നടക്കുന്നവർ ചുട്ടുപൊള്ളുന്ന സൂര്യന് താഴെ കരിങ്കൽ ചീളുകളിൽ ടാറുരുക്കിയൊഴിച്ച് പാതയൊരുക്കുന്ന തൊഴിലാളിയെ നോക്കിക്കൊള്ളൂവെന്ന്. ഇവിടെയിതാ ഒരു പൊലീസുകാരൻ ഉരുകിയൊലിക്കുന്ന ടാർവീപ്പകളുമായി യൗവനം തിളച്ചുമറിഞ്ഞ കാലത്തെയോർമിപ്പിച്ച് നാടിെൻറ മനം കവരുന്നു.
ഒരാഴ്ചയായി അച്ചടി-സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഫറോക്ക് സി.ഐ കെ. കൃഷ്ണൻ. സ്റ്റേഷനുമുന്നിലൂടെ ചാലിയാറിന് സമാന്തരമായി കടന്നുപോകുന്ന ദേശീയ പാതയിലും പരിസരങ്ങളിലും അന്നം തേടിയെത്തിയ തെൻറ വിയർപ്പുതുള്ളികൾ ഒഴുകിയൊലിച്ചിട്ടുണ്ട്. ഒന്നരപ്പതിറ്റാണ്ടുമുമ്പ് പാലക്കാട് വിക്ടോറിയ കോളജിൽ ബിരുദ പഠനക്കാലമായിരുന്നു അത്.
അഗളിയിലെ കാളി-വേന്തിമാരുടെ ആറ് മക്കളിൽ അഞ്ചാമനായിരുന്ന കൃഷ്ണന് പ്രാരബ്ധമായിരുന്നു കൂട്ട്. ദുരിതം കൂടുേമ്പാൾ സുഖമില്ലെന്നോ വിനോദയാത്രയെന്നോ പറഞ്ഞ് കൃഷ്ണൻ കോളജിൽനിന്ന് മുങ്ങും.ചെന്നെത്തുന്നത് റോഡ് നിർമാണ കരാറുകാരോടൊപ്പം. ഒരുവിധം പിടിച്ചുനിൽക്കാനായാൽ നല്ല കുട്ടിയായി വീണ്ടും കോളജിലേക്ക്. 2007ൽ പൊലീസിൽ ജോലി കിട്ടി.
2009ൽ പരീക്ഷ എഴുതി എസ്.ഐ ആയി. 2019 ൽ സി.ഐ ആയി സ്ഥാനക്കയറ്റം. കഴിഞ്ഞ ജൂണിൽ ഫറോക്ക് സ്റ്റേഷൻ ഓഫിസറായെത്തിയപ്പോൾ സേവനപരിധിയിൽ വരുന്ന രാമനാട്ടുകരയിലെയും ഫറോക്കിലെയും റോഡുകൾ അദ്ദേഹത്തിന് ഗൃഹാതുര സ്മരണകളായി. സഹപ്രവർത്തകനോടൊപ്പം സഞ്ചരിക്കുമ്പോൾ താൻകൂടി വിയർപ്പൊഴുക്കിയ റോഡിൽ പൊലീസ് ജീപ്പിൽ ചാരിനിന്ന് ഫോട്ടോയെടുപ്പിച്ചു.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവാത്ത വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പ്രയാസത്തിന് പിന്നാലെ എളുപ്പവുമുണ്ട് എന്ന സന്ദേശം നൽകി ജീവിതകഥ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. നൈരാശ്യമല്ല, പോരാട്ടമാണ് ജീവിതവിജയമെന്ന ആശയത്തെ ആയിരങ്ങളാണ് പിന്തുണക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
