സർക്കാർ വാഗ്ദാനം നടപ്പായില്ല; നെൽ കർഷകന് ‘നല്ലോണ’മില്ല
text_fieldsകൊച്ചി: ഓണത്തിന് മുമ്പ് കർഷകർക്ക് നെല്ല് വില പൂർണമായും നൽകുമെന്ന സർക്കാർ വാഗ്ദാനം വെറുതെയായി. നാമമാത്ര തുകയാണ് കർഷകരുടെ കൈകളിലെത്തിയത്. സംസ്ഥാന വിഹിതത്തിൽനിന്ന് 7.92 രൂപ മാത്രം. കേന്ദ്ര വിഹിതം കൂടി ലഭ്യമായാൽ മാത്രമാണ് കർഷകർക്ക് ബാധ്യത തീർത്ത് മുന്നോട്ട് പോകാൻ കഴിയൂ. 28.20 രൂപയാണ് കേന്ദ്ര വിഹിതവും ചേർത്ത് കിലോഗ്രാമിന് സപ്ലൈകോ നൽകേണ്ടത്.
ഓണത്തിന് മുമ്പ് കർഷകർക്ക് നെല്ല് വില പൂർണമായും നൽകുമെന്ന മന്ത്രിമാരുടെ വാക്കിൽ പ്രതീക്ഷവെച്ച കർഷകർക്ക് ‘ഓണത്തിന് കഞ്ഞി കുമ്പിളിൽ തന്നെ’ എന്നതാണ് സ്ഥിതി. കേന്ദ്ര വിഹിതം ലഭ്യമാക്കാൻ യഥാസമയം ഇടപെടുന്നതിൽ സംസ്ഥാന സർക്കാറിനുണ്ടായ വീഴ്ചയാണ് പ്രശ്നമായത്. കേന്ദ്ര തുക 20.28 രൂപ പി.ആർ.എസ് (പാഡി റെസീപ്റ്റ് ഷീറ്റ്) വായ്പയായി ബാങ്ക് അക്കൗണ്ടുകളിൽ എത്തുമെന്നാണ് ഇപ്പോഴത്തെ സൂചന. നെല്ല് അളന്നെടുക്കുമ്പോൾ ഈടായി നൽകുന്നതാണ് പി.ആർ.എസ്. എന്നാൽ, ബാങ്കുകൾ തുടർച്ചയായി അവധിയായതിനാൽ ഓണം കഴിഞ്ഞും ദിവസങ്ങളെടുക്കും തുക അക്കൗണ്ടിലെത്താൻ.
നെല്ലിന്റെ താങ്ങുവിലയിൽ ബാക്കി ഓണത്തിനു മുമ്പ് കൊടുത്തിരിക്കുമെന്ന് മന്ത്രിമാരായ രാജേഷും പ്രസാദുമാണ് പ്രഖ്യാപിച്ചത്. പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച ഇനത്തിൽ സംസ്ഥാനത്ത് 360 കോടി രൂപയാണ് നെൽകർഷകർക്ക് ഇനിയും നൽകാനുള്ളത്. ക്വിന്റലിന് 28.20 രൂപ നൽകേണ്ട സ്ഥാനത്ത് ആശ്വാസമായി 7.92 രൂപ മാത്രമാണ് നൽകുന്നത്. പാലക്കാട്, കുട്ടനാട് അടക്കം മേഖലയിലെ കർഷകരാണ് സർക്കാർ വീഴ്ചമൂലം വിഷമത്തിലായത്. കേരള ബാങ്കുമായോ ബാങ്കുകളുടെ കൺസോർട്യവുമായോ കാലേകൂട്ടി ചർച്ച നടത്തിയിരുന്നെങ്കിൽ മാർച്ചിൽതന്നെ പണം നൽകി തുടങ്ങാമായിരുന്നു. കർഷകർക്ക് ഇരുട്ടടിയായി നെല്ലുസംഭരണം വീണ്ടും പഴയതുപോലെ സഹകരണ സംഘങ്ങളെ ഏൽപിക്കാനുള്ള നീക്കം നടക്കുന്നതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

