കർഷക ആത്മഹത്യകളിലേക്ക് വീണ്ടും വയനാട്
text_fieldsകൽപറ്റ: ഉരുൾപൊട്ടലും പ്രളയവും തീർത്ത കനത്ത ദുരിതത്തിൽ ക്ഷതമേറ്റ വയനാടൻ കാർഷിക മേഖലയിൽ ആശങ്കയുയർത്തി കർഷക ആത്മഹത്യകൾ വീണ്ടും. ബാങ്കു വായ്പയെടുത്തും പലിശക്ക് പണം വാങ്ങിയുമൊക്കെ കൃഷിയിറക്കിയവർക്ക് തീരാദുരിതമായി വിളനാശം സംഭവിച്ചതോടെ കർഷക ആത്മഹത്യകൾ തിരിച്ചുവരുകയാണ്. ഒരുമാസത്തിനിടെ മൂന്നു പേരാണ് വിളനാശത്തെ തുടർന്നുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം ജീവനൊടുക്കിയത്. പ്രളയക്കെടുതികളുടെ മധ്യേയാണ് ഇൗ മൂന്നു ആത്മഹത്യകളും. നെല്ല്, കുരുമുളക്, കാപ്പി, വാഴ, ഇഞ്ചി തുടങ്ങിയ സകല വിളകൾക്കും മഴക്കെടുതികൾ വരുത്തിയത് വൻനാശമാണ്.
മുൻവർഷങ്ങളിൽ കൃഷിനാശം സംഭവിച്ചതിനെ തുടർന്ന് ഒേട്ടറെ കർഷകർ വായ്പകൾ തിരിച്ചടക്കാത്തതിനാൽ ബാങ്ക് നടപടി നേരിടുകയാണ്. ഇതിനിടയിലാണ് പ്രളയം നാശം വിതച്ചത്. ഇതോടെ വായ്പ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലായി. ഇൗ ആധിയാണ്, കർഷക ആത്മഹത്യകൾ വീണ്ടും തിരിച്ചുവരുന്നതിന് വഴിയൊരുക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സർക്കാറിൽനിന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം ഇനിയും ലഭിക്കാത്തതും നാമമാത്ര നഷ്ടപരിഹാരത്തിനുതന്നെ അന്യായ മാനദണ്ഡങ്ങളുടെ കടമ്പകളും കർഷകരെ കുഴക്കുന്നു.
വയനാടൻ കുരുമുളക് കൃഷിയുടെ ഇൗറ്റില്ലമായ പുൽപള്ളിയിൽ വിളനാശം പാരമ്യത്തിലാണ്. ഇൗ മേഖലയിൽ ആഗസ്റ്റ് 13ന് കാപ്പിസെറ്റ് കൊടകപ്പള്ളി അജിത് കുമാറും (53) 31ന് അമരക്കുനി വട്ടമല രാഘവനും (62) ആത്മഹത്യ ചെയ്തത് കൃഷിനാശവും കടബാധ്യതയും കാരണമായിരുന്നു. കഴിഞ്ഞ ദിവസം മീനങ്ങാടി അപ്പാട് നെടിയഞ്ചേരി മാഴക്കാട്ട് ഗോപി (64)യുടെ മരണവും കൃഷിനാശം മൂലമുണ്ടായ കടബാധ്യതയിലാണെന്ന് ബന്ധുക്കൾ പറയുന്നു.
കനത്ത മഴയെ തുടർന്ന് ജില്ലയിൽ കാപ്പികൃഷിക്ക് 25 ശതമാനത്തോളം വിളനാശം സംഭവിച്ചു. തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് മഞ്ഞളിപ്പും ദ്രുതവാട്ടവും വേരുചീയലുമടക്കമുള്ള രോഗങ്ങൾ ബാധിച്ച് കുരുമുളക് വള്ളികൾ ഉണങ്ങുകയാണ്. 75 ശതമാനവും നശിച്ച കവുങ്ങ് കൃഷിയിൽ ശേഷിച്ചവ കൂടി ഇൗ പ്രളയത്തിൽ ഇല്ലാതാകുന്ന അവസ്ഥയാണ്. നേന്ത്രപ്പഴത്തിന് ഏറ്റവുമധികം വില കിേട്ടണ്ട ഒാണം സീസണിലാണ് വിളവും വിലയുമെല്ലാം വെള്ളത്തിൽ മുങ്ങിയത്. കിലോക്ക് 50 രൂപ കടക്കേണ്ട സമയത്ത് 18 രൂപ മാത്രം. ഇഞ്ചിയുടെ അവസ്ഥയും അതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
