തണ്ടപ്പേരിനായി വില്ലേജിൽ കയറിയിറങ്ങിയത് 6 മാസം; മനംനൊന്ത് കർഷകൻ ജീവനൊടുക്കി
text_fieldsപാലക്കാട്: പാലക്കാട് വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസമായി തണ്ടപ്പോരിനായി വില്ലേജിൽ കയറിയിറങ്ങുകയായിരുന്നുവെന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. വില്ലേജ് ഓഫിസറും റവന്യൂ ഓഫിസറുമാണ് കുറ്റക്കാരാണെന്നാണ് അവർ പറയുന്നത്.
ഓരോ തവണയും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കൃഷ്ണസ്വാമിയെ മടക്കി അയച്ചുവെന്നും ഏറ്റവും ഒടുവിൽ വലിയ മന:പ്രയാസത്തിൽ ആണ് വീട്ടിലെത്തിയതെന്നും നാട്ടുകാരും പറഞ്ഞു. ഇന്നലെ മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. അന്വേഷണത്തിനൊടുവിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. അതേസമയം, സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നങ്ങൾ നീക്കാനായി നടപടികൾ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിൻറെ വിശദീകരണം.
എന്നാൽ, അട്ടപ്പാടിയിൽ സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിൽ മാറ്റി എഴുതുന്ന പ്രവണതയുമായി ബന്ധപ്പെട്ട് നിരന്തരം വാർത്തകൾ വന്നിരുന്നു. കൃഷ്ണസ്വാമിയുടെ ഭൂമി നേരത്തെയുണ്ടായിരുന്ന വില്ലേജ് ഓഫിസർ മറ്റൊരാളുടെ പേരിലേക്ക് പോക്കുവരവ് ചെയ്തു എന്ന ഗുരുതര ആരോപണം അട്ടപ്പാടി ഭൂസമര സമിതി ഉന്നയിക്കുന്നു. നിരവധി പേരാണ് സമാനമായ പ്രയാസങ്ങൾ അനുഭവിക്കുന്നത്. അതിലൊരു ഇര മാത്രമാണ് കൃഷ്ണസ്വാമിയെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

