കട ബാധ്യത; കര്‍ഷക അവാര്‍ഡ് ജേതാവ് ജീവനൊടുക്കി
text_fieldsചെറുപുഴ (കണ്ണൂർ): വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മികച്ച കര്‍ഷകനുള്ള കര്‍ഷകക്ഷേമ വകുപ്പിന്റെ അവാര്‍ഡ് നേടിയ കര്ഷകന് മരിച്ചു. ചെറുപുഴ ഇവരമ്പയിലെ അമ്പാട്ട് ഏലിയാസാണ് (62) മരിച്ചത്. 2017ൽ ജില്ലയിലെ മികച്ച രണ്ടാമത്തെ പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
ദിവസങ്ങള്ക്കുമുമ്പാന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃഷി ആവശ്യത്തിനായി വ്യക്തികളില്‍നിന്നും സ്വാശ്രയസംഘങ്ങളില്‍നിന്നും വാങ്ങിയ വായ്പകള്‍ തിരിച്ചുകൊടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തെ തുടര്‍ന്നാണ് വിഷം കഴിച്ചതെന്നു പറയുന്നു. സ്വന്തമായുള്ളത് കൂടാതെ ഏക്കറുകണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറിയും വാഴയും കൃഷി ചെയ്തുവരികയായിരുന്നു.
10 വര്‍ഷമായി വന്‍തോതില്‍ പച്ചക്കറി കൃഷി ചെയ്തിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃഷി ലാഭകരമല്ലാതായി. രണ്ടാംവിള ലഭിക്കാതിരുന്നതും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പച്ചക്കറി തോട്ടം പന്തല്‍ ഉള്‍പ്പെടെ നശിച്ചതും സാമ്പത്തിക ബാധ്യതക്കിടയാക്കി. സബ്സിഡി ഇനത്തില്‍ കൃഷിഭവന് മുഖേന ലഭിക്കേണ്ട തുക വൈകിയതും ജീവനൊടുക്കാന്‍ കാരണമായെന്നു കരുതുന്നു.
സബ്സിഡി തുകക്കായി പലതവണ കൃഷിഭവനില്‍ അന്വേഷിച്ചെത്തിയ ഏലിയാസിനെ വിഷം ഉളളില്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ രണ്ടുദിവസം മുമ്പ് 1,14,000 രൂപ അക്കൗണ്ടിലെത്തി. വായ്പ വാങ്ങിയ 70,000 രൂപ തിരിച്ചുകൊടുക്കാമെന്നു പറഞ്ഞ തീയതിക്ക് കൊടുക്കാന്‍ കഴിയാതിരുന്നതിന്റെ മനോവിഷമവും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതായി പറയുന്നു. ഏലിയാസിന്റെ പച്ചക്കറി തോട്ടം മാതൃകാ പച്ചക്കറി തോട്ടമായി കൃഷിവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ലൈസമ്മയാണ് ഭാര്യ. മക്കള്‍: റോബിന്, റോഷ്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കോഴിച്ചാല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

