'അരുണേ നീ ഇവിടെ നിന്ന് പോകല്ലേ, പോകാൻ തോന്നുന്നില്ല, എന്റെ അമ്മ പോലെയാണ് എനിക്ക് ഈ വാർഡ്'; പൊട്ടിക്കരഞ്ഞ് കൗണ്‍സിലര്‍, കണ്ണീരോടെ വോട്ടര്‍മാര്‍
text_fieldsമണ്ണാർക്കാട് നഗരസഭയിലെ ഉഭയമാർഗം വാർഡിലുള്ളവർ കൗൺസിലർ അരുൺകുമാർ പാലക്കുറിശ്ശിക്ക് യാത്രയയപ്പ് നൽകിയപ്പോൾ
പാലക്കാട്: കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ വാർഡ് മാറി മത്സരിക്കുന്നതും മത്സരിക്കാതെ മാറി നിൽക്കുന്നതുമെല്ലാം വാർത്ത മൂല്യമുള്ള സംഭവമൊന്നുമല്ല. എന്നാൽ, മണ്ണാർക്കാട് നഗരസഭയിലെ ഉഭയമാർഗം വാർഡിലെ കൗൺസിലർ അരുൺകുമാർ പാലക്കുറിശ്ശി വാർഡ് മാറി മത്സരിക്കാനൊരുങ്ങിയപ്പോൾ അതൊരു വാർത്തയായി.
കാരണം വേറൊന്നുമല്ല, അരുൺ കുമാറല്ലാതെ മറ്റൊരാളെ കൗൺസിലറായി സങ്കൽപ്പിക്കാൻ പോലും വാർഡിലുള്ളവർക്ക് ആവില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ അരുൺകുമാറിനെ ഇത്തവണ തെരഞ്ഞെടുപ്പിൽ മറ്റൊരു വാർഡിൽ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം.
രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ ഉഭയമാർഗം വാർഡുകാർ അരുണിന് യാത്രയയപ്പ് നൽകിയപ്പോൾ ആ യോഗം കണ്ണീർകടലായി. അരുണിന്റെ വാക്കുൾ കേട്ടുനിന്നവരും കണ്ടു നിന്നവരും കണ്ണീർ വാർത്തു. കെട്ടി പിടിച്ച് കരഞ്ഞു. 'അരുണേ നീ ഇവിടെ നിന്ന് പോകേണ്ടാ..' എന്ന് പറഞ്ഞ് പ്രായമായ അമ്മമാരാണ് അരുണിനെ ചേർത്ത് പിടിച്ച് തേങ്ങിയത്.
'ഞാൻ വേറെ ഒരു വാർഡിൽ മത്സരിക്കാൻ പോകുവാണ്. തോൽക്കുകയോ ജയിക്കുകയോ ചെയ്യാം. എന്തായാലും ഞാൻ ഈ വാർഡ് മറക്കില്ല. എനിക്ക് എന്റെ അമ്മ എങ്ങനെയാണോ..അങ്ങനെ തന്നെയാണ് ഉഭയമാർഗം വാർഡും. സി.പി.എമ്മുകാരും ബി.ജെ.പിക്കാരുമെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നു. എന്നെ സ്ഥിരം വിളിക്കും. മെസേജ് അയക്കും. ഞാൻ കയറിച്ചെന്നാൽ ഈ വാർഡിലെ ഏതുവീട്ടുകാരും ഒരുപോലെ സ്വീകരിക്കാറുണ്ട്. ഈ വാർഡ് എനിക്കത്ര സ്നേഹം തന്നിട്ടുണ്ട്. ഇവിടെ നിന്ന് പോകാമെന്ന് തോന്നുന്നില്ല. ഈ സ്വീകരണം ഞാൻ ആഗ്രഹിച്ചതല്ല. എന്റെ മുൻപിലിരിക്കുന്നവരെല്ലാരും എന്റെ പാർട്ടിക്കാരല്ല. അവരുടെയൊക്കെ പിന്തുണ എനിക്കുണ്ട്. ഞാൻ ഇവിടെനിന്ന് പോകുവല്ല. പ്രാർഥന ഉണ്ടാകണം.'- യാത്രയയപ്പ് യോഗത്തിൽ പറഞ്ഞ് നിർത്തുമ്പോൾ പലർക്കും കരച്ചിലടക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

