ബി.ജെ.പി ഓഫീസിന് മുന്നിൽ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി; ബി.ജെ.പി നേതാക്കൾ 10.58ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി
text_fieldsകോതമംഗലം: കേസ് ഒത്തുതീർപ്പിന് ബി.ജെ.പി നേതാക്കൾ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് ഓഫീസിനു മുന്നിൽ ആത്മഹത്യ ഭീക്ഷണിയുമായി കുടുംബം.
ഓൺലൈൻ ബിസനസ്മായി ബന്ധപ്പെട്ട് ചേലാട് ആറ്റ്പുറത്ത് എ.എം.ജോർജിൻ്റെ മകൻ ഉൾപ്പെട്ട പരാതി പരിഹരിക്കുന്നതിന് ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ടി.എസ്. സുനിഷ് എന്നിവർ പലപ്പോഴായി 10,58,000 രൂപ വാങ്ങി.കേസ് തീർക്കുന്നതിനായി സനൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് ബി.ജെ.പി നേതാക്കൾക്ക് പണം കൈമാറിയത്.
എന്നാൽ കേസ് തീർപ്പാകാതെ വീണ്ടും മറ്റൊരു കേസ് വരികയും ചെയ്ത സാഹചര്യത്തിൽ ജോർജ് നേരിട്ട് അഞ്ച് ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു.ഈ സാഹചര്യത്തിൽ തനിക്ക് നഷ്ടമായ 10,58,000 രൂപ തിരികെ ലഭിക്കണമെന്ന് ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബർ മുതൽ ബി.ജെ.പി സംസ്ഥാന ജില്ല നേതൃത്വങ്ങൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
ജനുവരി 16ന് മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് കൈയിൽ പെട്രോളുമായി തിങ്കളാഴ്ച്ച രാവിലെ 10 ഓടെ ബി.ജെ.പി ഓഫീസിന് മുന്നിൽ ജോർജും ഭാര്യ ജിൻസും ബന്ധുവും ബി.ജെ.പി വെസ്റ്റ് മണ്ഡലം പ്രസിഡൻ്റുമായ എൽദോസും എത്തിയത്. എൽദോസാണ് പ്രശ്ന പരിഹാരത്തിന് ബി.ജെ.പി നേതൃത്വവുമായി ജോർജിനെ ബന്ധപ്പെടുത്തിയത്. ഇവർ എത്തുമ്പോൾ ഓഫീസ് പരിസരത്ത് ഉണ്ടായിരുന്ന ബി.ജെ.പി നേതാക്കൾ പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. ഒരു മണിക്കൂറിലേറെ നേരും ഓഫീസ് പരിസരത്ത് കുത്തിയിരുന്ന ജോർജിനെയും കുടുംബത്തെയും പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
സമ്പത്ത് പണയപ്പെടുത്തിയും അയൽക്കാരിൽ നിന്ന് സ്വർണം കടം വാങ്ങിയുമാണ് ഇത്രയും തുക കണ്ടെത്തിയതെന്നും മാസംത്തോറും അര ലക്ഷത്തിലേറെ രൂപ പലിശ നൽകാൻ മാത്രം കണ്ടെത്തേണ്ട സാഹചര്യമാണെന്നും ഇതിന് നിർവ്വാഹമില്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്ത് വരേണ്ടി വന്നതെന്ന് ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

