25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് വാളയാറിൽ കൊല്ലപ്പെട്ട രാം നാരായണിന്‍റെ കുടുംബം, ചർച്ചക്ക് സർക്കാർ
text_fieldsപാലക്കാട്: ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി വാളയാറിലെ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബം. രാം നാരായണന്റെ (31) കൊലപാതകത്തില്‍ എസ്.സി.എസ്.ടി അതിക്രമ നിരോധന നിയമപ്രകാരവും ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരവും കേസെടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും കൊല്ലപ്പെട്ട രാം നാരായണിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മൃതദേഹം ഏറ്റെടുക്കില്ല. വിഷയത്തിൽ നടപടി ഉണ്ടാകും വരെ കേരളത്തില്‍ തുടരുമെന്നും കുടുംബം അറിയിച്ചു.
അതേസമയം, റാം നാരായൺ ബഗേലിൻ്റെ ആൾക്കൂട്ട കൊലപാതകത്തിൽ സർക്കാർ ചർച്ചക്ക് ഒരുങ്ങി. റാം നാരായണിന്‍റെ ബന്ധുക്കളുമായി ചർച്ച നടത്താൻ പാലക്കാട് ആർ.ഡി.ഒ തൃശൂരിലേക്ക് തിരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ എത്തി ബന്ധുക്കളുമായി ചർച്ച നടത്താനാണ് ആർ.ഡി.ഒ തൃശൂരിലേക്ക് തിരിച്ചത്.
ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച ആൾക്കൂട്ടക്കൊലപാതകം വാളയാറിൽ അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാംമനോഹറിനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് രാംമനോഹര്‍ കുഴഞ്ഞു വീഴുകയായും പിന്നീട് മരിക്കുകയും ചെയ്തു. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
വാളയാർ അട്ടപ്പള്ളത്ത് ഛത്തിസ്ഗഢ് സ്വദേശി രാംനാരായണിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായവർ നിരവധി കേസുകളിലെ പ്രതികളാണ്. ഒന്ന്, മൂന്ന് പ്രതികളായ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടി.യു തൊഴിലാളിയായ സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈകോടതിയിൽ നടക്കുകയാണ്.
ഒന്നാം പ്രതി അനുവിനെതിരെ വാളയാർ, കസബ സ്റ്റേഷനുകളിലായി 15 അടിപിടിക്കേസുകളുണ്ട്. രണ്ടാം പ്രതി പ്രസാദിനെതിരെ വാളയാറിൽ രണ്ടു കേസുകളും മൂന്നാം പ്രതി മുരളിക്കെതിരെ രണ്ടു കേസുകളുമുണ്ട്. നാലാം പ്രതി ആനന്ദനെതിരെ ഒരു കേസും അഞ്ചാം പ്രതി വിപിനെതിരെ മൂന്നു കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാർ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആൾക്കൂട്ടക്കൊലപാതകമെന്ന നിലയിലാണ് കേസ് പരിഗണിക്കുന്നതെന്നും പ്രതികളുടെ രാഷ്ട്രീയം വേർതിരിച്ച് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് അധികൃതർ പറഞ്ഞു. പിടികൂടിയവരിൽ നാലുപേർ ബി.ജെ.പി അനുഭാവികളാണ്.
ആൾക്കൂട്ട മർദനത്തിനിരയായി ഛത്തിസ്ഗഢ് സ്വദേശി രാംനാരായൺ ഭയ്യാർ (31) കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലെ സംഘമായിരിക്കും അന്വേഷിക്കുക. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്. സംഭവ സമയത്ത് ചിത്രീകരിച്ച വിഡിയോ വിശദമായി പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

