'മകനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, വേണമെങ്കിൽ എടുത്തുകൊണ്ടു പൊക്കോ' പെൺസുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
text_fieldsകോതമംഗലം: യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കടുംബം. മരിച്ച അൻസിലുമായി പെൺസുഹൃത്തിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അൻസിലിന്റെ ബന്ധുക്കൾ പറയുന്നു.
സംഭവത്തില്‍ മാലിപ്പാറ സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷം നൽകിയ വിവരം അൻസിലിന്റെ മാതാവിനെ വിളിച്ചു പറഞ്ഞത് യുവതി തന്നെയാണെന്ന് ബന്ധുക്കൾ പറയുന്നു.
'മകനെ വിഷം കൊടുത്തുകൊല്ലുമെന്ന് യുവതി നേരത്തെ അന്‍സിലിന്‍റെ മാതാവിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. മാതാവിനെ വിളിച്ച് അന്‍സിലിനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്. എടുത്തുപോക്കോയെന്ന് പറഞ്ഞു. വിഡിയോ കോളിലൂടെ വിളിച്ച് കാണിച്ചുകൊടുത്തിരുന്നു. അതിനാലാണ് വിശ്വസിച്ചത്. അതിനിടെ അൻസിൽ ഇക്കാര്യം പൊലീസിനെ വിളിച്ചുപറഞ്ഞിരുന്നു'അൻസിലിന്‍റെ ബന്ധു പറഞ്ഞു.
പുല്ലിനടിക്കുന്ന കീടനാശിനി അകത്ത് ചെന്നതാണ് മരണകാരണം. 300 മില്ലി വിഷം ഉള്ളിൽ ചെന്നതായി പരിശോധനയിൽ കണ്ടെത്തിയെന്നും ബന്ധുക്കൾ പറയുന്നു. മുൻപും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.അൻസിലിനെതിരെ സാമ്പത്തിക തട്ടിപ്പിന് യുവതി നേരത്തെ പരാതി നൽകിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 12.20 വരെ അന്‍സില്‍ മൂവാറ്റുപുഴക്കടുത്തുള്ള പേഴക്കാപ്പള്ളിയിലുണ്ടായിരുന്നു. പിന്നീടാണ് മാലിപ്പാറയിലുള്ള പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വിഷം ഉള്ളിൽ ചെന്നത്. വീട്ടുകാരും പൊലീസും ആംബുലന്‍സുമായി എത്തി ആശുപത്രിയിലെത്തിച്ചു. ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.
അന്‍സിലിന്റെ ബന്ധു കൂടിയാണ് പെണ്‍സുഹൃത്തെന്ന് പറയുന്നു. ഇവരുമായി ഏറെക്കാലമായി അന്‍സിലിന് അടുപ്പമുണ്ടായിരുന്നു. ഇവർ തമ്മിൽ ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാകുകയും പരിഹിക്കപ്പെടുകയും പതിവായിരുന്നു. എന്നാൽ അടുത്തിടെ അൻസിൽ മൂലം പെൺസുഹൃത്തിന് ഗുരുതരമായ പ്രശ്നം ഉണ്ടായിരുന്നതായും ഇതാണ് പകയിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്.
അൻസിൽ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

