കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്‍റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി
text_fieldsകൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറയിൽ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്‍റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി. വയനാട് ജില്ലാ കലക്ടറാണ് അനുമതി നല്‍കിയത്. കുടുംബം കോഴിക്കാട് മെഡിക്കൽ കോളജിലെത്തി മൃതദേഹം കണ്ട ശേഷമായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക.
ഇന്നലെ രാവിലെ 9.25 ന് ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട വേൽമുരുകന്‍റെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി കാടിന് പുറത്തെത്തിച്ചത് രാത്രി ഏഴരക്കാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. കൊല്ലപ്പെട്ടത് വേല്‍മുരുകനാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തുെമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വെടിവെപ്പിൽ കൊല്ലപ്പെട്ട സ്ഥലത്ത് കിടക്കുന്ന വേൽമുരുകന്‍റെ നെഞ്ചിലും മുതുകത്തും വെടിയേറ്റിട്ടുണ്ട്. വലത് കയ്യിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് പേസ്റ്റും ബ്രഷും പേനയും ടോർച്ചും കിടക്കുന്നത് ദൃശ്യത്തിൽ നിന്ന് കാണാം.
ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേറ്റുവെന്നാണ് ആദ്യം പുറത്തുവന്ന വിവരമെങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസുകാർക്ക് പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തും. ബുധനാഴ്ചയും മേഖലയില്‍ തിരച്ചില്‍ നടക്കുമെന്നും വയനാട് എസ്. പി. പറഞ്ഞു.