തപാൽ വോട്ടിന്റെ മറവിൽ കള്ളവോട്ട്
text_fieldsതപാൽവോട്ടിെൻറ മറവിൽ സംസ്ഥാനത്ത് വ്യാപക കള്ളവോട്ട്. നിരവധി പേർക്കാണ് വോട്ട് ചെയ്യാനാവാതെ വന്നത്. വോട്ടറുടെ അവകാശമായ കാസ്റ്റിങ് വോട്ട് ചെയ്യാൻ പോലും പല റിട്ടേണിങ് ഓഫിസർമാരും അനുവദിക്കാത്ത സംഭവവുമുണ്ടായി. തപാൽവോട്ടിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. അടിമാലിയിൽ തപാൽ േവാട്ടിെൻറ മറവിൽ ദമ്പതികളുടെ വോട്ട് തട്ടി. ബൈസൺവാലി ടി കമ്പനി 180 മായൽത്ത മാത ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ വയോധിക ദമ്പതികൾക്കാണ് ഇൗ അനുഭവം. ഇരുവരും തപാൽ വഴി വോട്ടു ചെയ്തതായി റിേട്ടണിങ് ഒാഫിസർ പറഞ്ഞു. തപാൽ ബാലറ്റിന് അപേക്ഷിച്ചിട്ടില്ലെന്നും പ്രായം 76 ന് താഴെ ആണെന്നും ഇവർ പറഞ്ഞെങ്കിലും പോളിങ് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. തുടർന്ന് കലക്ടറുടെ ഇടപെടലിൽ കാസ്റ്റിങ് േവാട്ട് രേഖപ്പെടുത്തി.
കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിലും സമാന സംഭവം അരേങ്ങറി. എൻ.എസ്.എസ്.കെ യു.പി സ്കൂളിലെ ബൂത്ത് നമ്പർ 154ൽ വോട്ട് ചെയ്യാനെത്തിയ മൂന്നുപേർക്ക് വോട്ട് ചെയ്യാനായില്ല. വോട്ടുകൾ തപാൽവോട്ടായി മാർക്ക് ചെയ്തതാണ് കാരണം. കൊട്ടിയൂർ പഞ്ചായത്ത് 10ാം വാർഡിലെ ക്രമനമ്പർ 928 എസ്.ജെ. തോമസ്, ക്രമനമ്പർ 734 പുഷ്പ മല്ലിശ്ശേരിയിൽ, ക്രമനമ്പർ 172 ലൂക്കാ ചാമനാട്ട് എന്നിവർ റിേട്ടണിങ് ഓഫിസർക്കും കലക്ടർക്കും പരാതി നൽകി. തപാൽവോട്ടിന് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല. പക്ഷേ, വോട്ട് ചെയ്യാനെത്തിയപ്പോൾ തപാൽ വോട്ട് െചയ്തെന്നായിരുന്നു മറുപടി ലഭിച്ചതെന്ന് എസ്.ജെ. തോമസ് പരാതിയിൽ പറയുന്നു. ലൂക്കാ ചാമനാട്ടിന് തപാൽ വോട്ട് അനുവദിച്ചു. വെള്ളിയാഴ്ച പോളിങ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു. പക്ഷേ, ആരും വോട്ട് രേഖപ്പെടുത്താനായി വീട്ടിലെത്തിയില്ല. ബൂത്തിലെത്തിയപ്പോൾ ചെയ്യാനനുവദിച്ചില്ലെന്നാണ് പരാതി. തപാൽ വോട്ടിന് അപേക്ഷിച്ചെങ്കിലും ആരും വീട്ടിലെത്തിയില്ല. വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ തപാൽ വോട്ട് ചെയ്തതായി പുഷ്പയുടെ പരാതിയിൽ ഉണ്ട്.
പാലക്കാട് മണ്ണാർക്കാട് മണ്ഡലത്തിൽ നാലിടത്ത് കള്ളവോട്ടെന്ന പരാതിയുയർന്നു. ജി.എം.യു.പി സ്കൂളിലെ ബൂത്തിൽ വിനോദ് പത്തുകുടിയുടെ വോട്ട് നേരത്തെ ആരോ ചെയ്തത് തർക്കത്തിനിടയാക്കി. അരയങ്ങോട് യൂനിറ്റി സ്കൂളിലെ 108ാം നമ്പർ ബൂത്തിൽ കെ.ഇ. കുരുവിളയുടെ വോട്ടും മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂളിലെ 126ാം ബൂത്തിൽ കൊടുവാളിക്കുണ്ട് സ്വദേശി നൂർജഹാെൻറ വോട്ടും മറ്റാരോ ചെയ്തു. അട്ടപ്പാടി മുള്ളിയിൽ രംഗസ്വാമിയുടെ വോട്ടും ആരോ ചെയ്തുപോയി. പരാതിക്കാർക്ക് ടെൻഡർ വോട്ട് അനുവദിച്ചു. കാഞ്ഞിക്കുളം എ.എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ യുവതിക്ക് പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചെന്ന കാരണത്താൽ വോട്ട് ചെയ്യാനായില്ല. അപേക്ഷിച്ചില്ലെന്ന് പറഞ്ഞ് യുവതി പ്രതിഷേധിച്ചത് തർക്കത്തിനിടയാക്കി.
• പോസ്റ്റൽ വോട്ട് വേണ്ടെന്ന് പറഞ്ഞതും പാരയായി
തൃശൂരിലെ പഴയന്നൂരിൽ പോസ്റ്റൽ വോട്ട് വേണ്ടെന്ന് തീരുമാനിച്ച വയോധികന് വോട്ട് നഷ്ടമായി. പൊറ്റ പനയംപാടത്ത് മാധവനാണ് (83) ഈ ഗതികേട്. പൊറ്റ എസ്.കെ.വി.എൽ.പി സ്കൂളിലെ ബൂത്ത് നമ്പർ 166 എയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പോസ്റ്റൽ വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫിസർ അറിയിച്ചത്. എന്നാൽ, പോസ്റ്റൽ വോട്ട് ചെയ്യാൻ താൽപര്യമില്ലെന്നും ബൂത്തിലെത്തി വോട്ട് ചെയ്യാനാണ് ഉദ്ദേശമെന്നും മാധവൻ നേരത്തേ ബി.എൽ.ഒക്ക് എഴുതി നൽകിയിരുന്നു. ഈ രേഖ വില്ലേജ് ഓഫിസർക്ക് കൈമാറിയതായി ബി.എൽ.ഒ അറിയിച്ചു. വോട്ട് നഷ്ടമായ മാധവൻ പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകി.
• മാതാവ് ബി.എൽ.ഒ: മകെൻറ വോട്ട് മറ്റൊരാൾ ചെയ്തു
തൃശൂർ പഴയന്നൂരിൽ മാതാവ് ബി.എൽ.ഒ ആയ പോളിങ് ബൂത്തിൽ മകെൻറ വോട്ട് മറ്റൊരാൾ ചെയ്തു. വടക്കേത്തറ ജി.എൽ.പി സ്കൂളിലെ ബൂത്ത് നമ്പർ 150ൽ വോട്ടു ചെയ്യാനെത്തിയ വടക്കേത്തറ മൽപ്പാൻ വീട്ടിൽ അബിൻ ബേബിക്കാണ് ഈ ദുര്യോഗം. നടന്നത് കള്ളവോട്ടാണെന്ന് മനസ്സിലായതോടെ അബിൻ പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകി. ഇതേ ബൂത്തിലെ ബി.എൽ.ഒ ആണ് അബിെൻറ മാതാവ് റെജി. മകെൻറ വോട്ട് മറ്റൊരാൾ ചെയ്തത് ഇവർ അറിഞ്ഞില്ല.
• ആളെത്തുംമുേമ്പ വോട്ട് യന്ത്രത്തിലായി
കല്ലടിക്കോട് (പാലക്കാട്): യഥാർഥ വോട്ടർ പോളിങ് ബൂത്തിലെത്തുംമുമ്പ് അപര വോട്ട് ചെയ്ത് മടങ്ങി. കല്ലടിക്കോട് ദാറുൽ അമാൻ 71 നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നെല്ലിക്ക വട്ടയിൽവീട്ടിൽ റെജിലക്കാണ് ഈ അനുഭവം. റെജില ഒടുവിൽ ചലഞ്ച് വോട്ട് ചെയ്തു മടങ്ങി. കള്ളവോട്ട് ചെയ്തതായാണ് െറജിലയുടെ പരാതി.
• ജീവനോടെ ഉണ്ടെന്നറിയിക്കാൻ വോട്ടറുടെ കുത്തിയിരിപ്പ്
ചേലക്കര (തൃശൂർ): വോട്ട് ചെയ്യാനെത്തിയ വോട്ടർ മരിച്ചെന്ന് രേഖകൾ. ഒടുവിൽ ജീവനോടെ ഉണ്ടെന്നറിയിക്കാൻ വോട്ടറുടെ കുത്തിയിരിപ്പ് സമരം. എസ്.എം.ടി സ്കൂളിലെ 81 ബി ബ്ലോക്കിലെ വോട്ടറായ അബ്ദുൽ ബുഖാരിക്കാണ് പ്രതിഷേധിക്കേണ്ടി വന്നത്. വോട്ട് ചെയ്യാനെത്തിയപ്പോൾ ഇയാൾ മരിച്ചയാളാണെന്ന് പ്രിസൈഡിങ് ഓഫിസർ. എന്നാൽ, മരിച്ചിട്ടില്ലെന്നും ആൾ താൻ തന്നെയാണെന്നും ബുഖാരി പറഞ്ഞെങ്കിലും വോട്ട് ചെയ്യാൻ സമ്മതിച്ചില്ല. വില്ലേജ് ഓഫിസർ നൽകിയ രേഖകളിൽ അബ്ദുൽ ബുഖാരി മരിച്ചതായാണ് ഉള്ളതെന്ന് പ്രിസൈഡിങ് ഓഫിസർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം വോട്ട് ചെയ്യാൻ അനുവദിച്ചു.
• ഇരട്ടവോട്ടിന് നീക്കം; 12 പേരെ തടഞ്ഞു
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍നിന്ന് തമിഴ്നാട്ടിലേക്ക്്് പോകാന്‍ എത്തിയ സ്ത്രീകളടക്കം 12 പേരെ ഇരട്ടവോട്ട് ചെയ്യാനെന്ന് ആരോപിച്ച് പാലാര്‍ പട്ടത്തിമുക്കില്‍ ഒരു സംഘം തടഞ്ഞ് പൊലീസിലില്‍ ഏൽപിച്ചു. ജീപ്പ് ഡ്രൈവര്‍ അടക്കം സംഘത്തെ നെടുങ്കണ്ടം പൊലീസ് പ്രിവൻറിവ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വെച്ചു. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് ജീപ്പിലുണ്ടായിരുന്നത്. ഉടുമ്പന്‍ചോലയില്‍ വോട്ട് രേഖപ്പെടുത്തി തമിഴ്നാട്ടിലേക്ക് പുറപ്പെട്ടവരുടെ വിരലിലെ മഷി മായ്ക്കാന്‍ ശ്രമം നടന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍, ഉടുമ്പന്‍ചോലയില്‍ വോട്ട് രേഖപ്പെടുത്തി തമിഴ്നാട്ടിലേക്ക് പുറപ്പെട്ടതല്ലാതെ വോട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇവരെ വൈകീട്ട് വോട്ടിങ് സമയം കഴിഞ്ഞ്് വിട്ടയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.