അട്ടപ്പാടിയിൽ വ്യാജരേഖ: 60 കോടിയുടെ ഭൂമി കച്ചവടം നടത്തിയെന്ന് ആധാരം എഴുത്തുകാർ
text_fieldsകോഴിക്കോട് : അട്ടപ്പാടിയിൽ മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി വൻതോതിൽ ഭൂകച്ചവടം നടക്കുന്നുവെന്ന് ആധാരം എഴുത്തുകാർ. ഇക്കാര്യം സംബന്ധിച്ച് സമഗ്രമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ കെ. രാജനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും ആധാരം എഴുത്ത് അസോസിയേഷൻ പരാതി നൽകി.
അട്ടപ്പാടിയിലെ കോട്ടത്തറ വില്ലേജിൽ മാത്രം മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കി 300 ഏക്കറിലധികം ഭൂമി അടുത്ത കാലത്ത് കൈമാറ്റം നടത്തി. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ ആറ് വില്ലേജിലും മൂപ്പിൽ നായരുടെ പേരിൽ ഭൂമി കൈമാറ്റം നടന്നു ക്കൊണ്ടിരിക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. രവീന്ദ്രദാസ് 'മാധ്യമം ഓൺലൈനോട്' പറഞ്ഞു.
മണ്ണാർക്കാട് മൂപ്പിൽ നായരുടെ പിൻഗാമികൾ രജിസ്റ്റർ ചെയ്‌തു നൽകുന്ന ഭൂമിയുടെ ആധികാരികത പരിശോധിക്കണമെന്നാണ് ഇവർ പരാതിയിൽ ആവശ്യപ്പെടുന്നത്. നിയമപരമായി ജന്മിത്തം അവസാനിപ്പിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. മണ്ണാർക്കാട്ടെ ജന്മി കുടുംബമായ മൂപ്പിൽ നായർക്ക് കോട്ടത്തറ വില്ലേജ് പരിധിയിൽ 300 ഏക്കറിലേറെ ഏക്കർ ഭൂമിയുണ്ടെന്ന വ്യാജ ഉത്തരവുകൾ ഉണ്ടാക്കി നൂറിലേറെ ആധാരങ്ങൾ അഗളി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിന്റെ ആധികാരികത ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണം.
അഗളി സബ് രജിസ്ട്രാർ ഓഫീസിൽ സാധാരണഗതിയിൽ ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ ഭൂമിയുടെ ഒറിജിനൽ ആധാരം, നികുതി രശീത്, വനം വകുപ്പിൻറെ നിരാക്ഷേപ പത്രം, മിച്ചഭൂമി പരിധിയിലോ, ആദിവാസി ഭൂമിയുടെ പരിധിയിലോ ഉൾപ്പെട്ടതല്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തണ്ടപ്പേർ സർട്ടിഫിക്കറ്റ് (ആർ.ഒ.ആർ) എന്നിവ നിർബന്ധമാണ്.
എന്നാൽ മൂപ്പിൽ നായരുടെ അവകാശികളുടെ ഭൂമിക്ക് ആധാരമോ, പട്ടയമോ, മറ്റ് റവന്യൂ രേഖകളോ ഒന്നും തന്നെയില്ല. എന്നിട്ടും നൂറ് കണക്കിന് എക്കർ ഭൂമി നിലവിൽ രജിസ്റ്റർ ചെയ്‌തു. മുപ്പിൽ നായരുടെതെന്ന് അവകാശപ്പെടുന്ന ഭൂമിക്ക് സർക്കാർ നടപടിക്ക് വിധേയനായി സസ് പെൻറ് ചെയ്യപ്പെട്ടിട്ടുള്ള അട്ടപ്പാടി ട്രൈബൽ താലൂക്ക് ഹെഡ് സർവേയർ നൽകിയിട്ടുള്ള സർവേ സ്കെച്ച് മാത്രമാണുള്ളത്.
അതിനും ആധികാരികമായ ഫയലുകളൊന്നും അട്ടപ്പാടി ട്രൈബൽ താലൂക്കാഫീസിൽ സൂക്ഷിച്ചിട്ടില്ലന്നാണ് അറിവ്. ഈ സർവേ നമ്പറുകളിൽ ഉൾപ്പെട്ടതും മണ്ണാർക്കാട് മൂപ്പിൽ നായരുടെ അവകാശികൾ കൈമാറുന്ന ഭൂമി പലതും വനഭൂമിയിൽ ഉൾപ്പെട്ടതാണ്. അതുപോലെ സർക്കാരിന്റെ അധീനതയിൽ നിക്ഷിപ്തമായ ഭൂമിയും കൈമാറുന്നുണ്ട്. 1975ലെ ആദിവാസി ഭൂനിയമത്തിന് പകരം സംസ്ഥാന സർക്കാർ 1999-ൽ കൊണ്ടുവന്ന ആദിവാസി ഭൂനിയമത്തിൻറെ ഭാഗമായി അട്ടപ്പാടിയിൽ ഭൂമി നഷ്‌ടപ്പെട്ട ആദിവാസികൾക്കും ചെങ്ങറ ഭൂസമരക്കാർക്കും മറ്റ് ദൂരഹിതർക്കും സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ ഉൾപ്പെട്ടതാണെന്നും ആക്ഷേപം ഉണ്ട്.
ഈ ഭൂമിക്ക് ഇപ്പോഴത്തെ നടപ്പ് മാർക്കറ്റ് വിലഏക്കറിന് 20 ലക്ഷം രൂപ ആണ്. ഈ ഭൂമി തട്ടിപ്പിലൂടെ 60 കോടി രൂപയുടെയെങ്കിലും ഭൂമി തട്ടിപ്പാണ് നടന്നിട്ടുണ്ട്. അതിനാൽ ഈ വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിക സ്വീകരിക്കണം. വ്യാജ ആധാരങ്ങൾ ചമച്ചുവെങ്കിൽ ഈ ആധാരങ്ങൾ റദ്ദ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഇത്തരം ആധാരങ്ങൾ ചമക്കാൻ കൂട്ടുനിന്ന ആധാരം എഴുത്ത് ലൈസൻസികൾക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയുടെ പകർപ്പ് പാലക്കാട് കലക്ടർ, രജിസ്ട്രേഷൻ ഐ.ജി, അട്ടപ്പാടി തഹസിൽദാർ (എൽ.ആർ) എന്നിവർക്കും നൽകി. അസോസിയേൻ പ്രസിഡന്റ് ഗോപീകൃഷ്‌ണൻ, സെക്രട്ടറി കെ.ആർ. രവീന്ദ്രദാസ്, ഖജാൻജി കെ.സി അനീഷ് എന്നിവരാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.