തച്ചങ്കരിയെ കുടുക്കിയത് ഒരു തള്ളുകേസ്; ‘ശിവജി സ്ക്വാഡി’നെ വിട്ട് വേട്ടയാടി; നിയമയുദ്ധം തുടങ്ങിയതിങ്ങനെ...
text_fieldsബോബി കുരുവിള, ടോമിൻ ജെ. തച്ചങ്കരി
ആലപ്പുഴ: തലയെടുപ്പുള്ള മുൻ ഡി.ജി.പിയെ തടവറയിലേക്ക് നയിച്ചത് ബന്ധുവിന്റെ തള്ളുകേസിൽ നടത്തിയ അന്യായമായ ഇടപെടൽ. സുഹൃത്തുമായുണ്ടായ നിസ്സാരമായ വാക്കുതർക്കക്കേസിൽ അന്ന് എ.എസ്.പി ആയിരുന്ന ടോമിൻ ജെ. തച്ചങ്കരി ഇടപെട്ട് കള്ളക്കേസ് ചമച്ചതാണ് അദ്ദേഹത്തിനെതിരെ നിയമയുദ്ധത്തിന് ബോബി കുരുവിളയെ പ്രേരിപ്പിച്ചത്. തുടർന്ന് അനധികൃത സ്വത്ത് സമ്പാദനത്തിന് തച്ചങ്കരിക്കെതിരെ ബോബി കുരുവിള പരാതി നൽകുകയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട നിയമവ്യവഹാരത്തിനൊടുവിൽ ഇന്നലെ തച്ചങ്കരിക്ക് ജയിൽ ശിക്ഷയും വൻ തുക പിഴയും വിധിച്ചു.
1990-ൽ ടോമിൻ ജെ. തച്ചങ്കരി ആലപ്പുഴയിൽ എഎസ്പിയായി ചുമതലയേറ്റ കാലത്താണ് സംഭവങ്ങളുടെ തുടക്കം. പരാതിക്കാരനായ ബോബി കുരുവിളയും സുഹൃത്തും തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസവും തർക്കവുമുണ്ടായി. സംസാരത്തിനിടയിൽ ബോബി സുഹൃത്തിനെ പിടിച്ചുതള്ളി. സുഹൃത്ത് രാമങ്കരി പൊലീസിൽ പരാതി നൽകിയെങ്കിലും, കേസെടുക്കാൻ മാത്രം കാര്യമായി ഒന്നുമില്ലെന്നു വ്യക്തമാക്കി തള്ളി.
പിന്നീടാണ് ഈ കേസിൽ ട്വിസ്റ്റ് സംഭവിക്കുന്നത്. പരാതിക്കാരനായ സുഹൃത്ത് തന്റെ ബന്ധുവായ എഎസ്പി ടോമിൻ തച്ചങ്കരിയെ സമീപിച്ചു. ‘നിങ്ങൾക്കെതിരെ കേസുണ്ട്, ഇവിടെ വരണം’ എന്ന് തച്ചങ്കരി ബോബിയുടെ പിതാവിനോട് കർശനസ്വരത്തിൽ ആവശ്യപ്പെട്ടെങ്കിലും ‘പറ്റില്ല’ എന്ന് പിതാവ് വ്യക്തമാക്കി. ഇതോടെ ചൊടിച്ച തച്ചങ്കരി തന്റെ ലെറ്റർ പാഡിൽ പൊലീസിന് പരാതി എഴുതി നൽകി. ബോബിയും പിതാവും സഹോദരനും ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യ പരാതി. പിന്നീട് ഇവർ പരാതി മാറ്റി, വീട്ടിൽ പോയി തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാക്കി മാറ്റുകയും വേട്ടയാടൽ ആരംഭിക്കുകയും ചെയ്തു.
ശിവജി എന്ന കുറ്റവാളിയെ പിടികൂടാൻ രൂപീകരിച്ച 'ശിവജി സ്ക്വാഡ്' എന്ന ക്രൂരരായ പൊലീസുകാരുടെ സംഘത്തെ ഉപയോഗിച്ച് ബോബിയുടെയും ബന്ധുക്കളുടെയും വീടുകളിൽ തച്ചങ്കരി റെയ്ഡ് നടത്തിച്ചു. ഇവരെ പേടിച്ച് പുരുഷന്മാർ ഒളിവിൽ പോയപ്പോൾ, രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി പരിശോധന നടത്തി. പ്രസവത്തിന് ആശുപത്രിയിൽ കിടന്ന ബോബിയുടെ സഹോദരിയെപ്പോലും ഭീഷണിപ്പെടുത്തി. തച്ചങ്കരിയുടെ പീഡനങ്ങൾക്കെതിരെ പിതാവ് അന്നത്തെ ഡിഐജി ആർ.പി.ജി. നായർക്ക് പരാതി നൽകിയതിനെ തുടർന്ന് ഈ സ്ക്വാഡ് പിന്നീട് പിരിച്ചുവിട്ടു.
നേരത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കെ.ആർ. ഗൗരിയമ്മ ഇടപെടുകയും ‘നീയാരെടാ, നീ വിളിക്കുമ്പോൾ നിന്റെയടുത്തു വന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോ’ എന്ന് തച്ചങ്കരിയോട് കയർക്കുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മാത്രമാണ് ഈ കുടുംബത്തിനൊപ്പം ഉറച്ചുനിന്നത്.
ഇതിനിടെയാണ് തച്ചങ്കരിയുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ബോബിക്ക് വിവിധ ഇടങ്ങളിൽ നിന്ന് രഹസ്യവിവരങ്ങൾ ലഭിച്ചത്. തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മീഷണറായി ഇരുന്ന സമയത്ത് അദ്ദേഹത്തിന്റെ അനധികൃത ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ ബോബി വിജിലൻസ് ഡയറക്ടർക്ക് കൈമാറിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചു. ജസ്റ്റിസ് കെമാൽ പാഷ കേസ് പരിഗണിക്കുകയും വിജിലൻസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
2007ലാണ് തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെ കാലയളവിൽ ജോലിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വരുമാനത്തേക്കാൾ 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദനം നടത്തിയതായി അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തി. ഇതിന്റെ ഉറവിടം തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ വിജിലൻസ് കണ്ടെത്തിയത് കുരുക്കായി. 2013ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.
അന്ന് എ.ഡി.ജി.പിയായിരുന്ന തച്ചങ്കരിക്കെതിരെ നിരവധി ക്രമക്കേടുകളും പുറത്തുവന്നിരുന്നു. സർവിസിലിരിക്കേ വീടുകള്‍, ഫ്ലാറ്റുകള്‍, വസ്തുവകകള്‍ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തിയത്. തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹരജി ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
1990 സെപ്റ്റംബർ 13-ന് തുടക്കമിട്ട പോരാട്ടത്തിൽ, 36 വർഷവും 4 ദിവസവും പിന്നിട്ടാണ് കോട്ടയം വിജിലൻസ് കോടതി ചരിത്രവിധി പ്രസ്താവിച്ചത്. നാലു വർഷം തടവും 30.84 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 4 വർഷത്തെ അനധികൃത സ്വത്തുസമ്പാദന കേസിൽ, ലഭിച്ച വരുമാനവും ചെലവും തമ്മിൽ എന്തുകൊണ്ട് പൊരുത്തപ്പെടുന്നില്ല എന്ന് തച്ചങ്കരിക്ക് യുക്തമായി വിശദീകരിക്കാൻ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വലിയ സ്വാധീനമുള്ള ഉദ്യോഗസ്ഥനായതിനാൽ കേസിൽ നിന്നും പിന്മാറാൻ പലരും ആവശ്യപ്പെട്ടിട്ടും ഭീഷണികൾ നേരിട്ടിട്ടും ബോബി കുരുവിള നിയമപോരാട്ടത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. 2003 മുതൽ 2007 വരെയുള്ള അനധികൃത സ്വത്താണ് ഇപ്പോൾ ശിക്ഷക്കാധാരമെന്നും 2007 മുതൽ സർവിസിൽ നിന്ന് പിരിയുന്നത് വരെയുള്ള മറ്റ് അഴിമതികൾക്കെതിരെ വിജിലൻസിൽ വീണ്ടും പരാതി നൽകുമെന്നും ബോബി കുരുവിള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

