ഇ.പിയുടെ വീഴ്ച: സി.പി.എമ്മിന്റെ കണ്ണൂർ കോട്ടയിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല
text_fieldsകോഴിക്കോട്: കണ്ണൂർ രാഷ്ട്രീയത്തെ നിയന്ത്രിച്ച മൂവർ സംഘമാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും. ലോകത്തെ പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇത്തരം സംഘങ്ങളുണ്ടായിരുന്നു. ഉദാഹരണമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്നത് നാൽവർ സംഘമായിരുന്നു.
പാർട്ടിയിൽ ആരാലും ചോദ്യം ചെയ്യാത്ത സർവ സൈന്യാധിപന്മാരായിരുന്നു ഇവർ. പാർട്ടിക്കു വേണ്ടി ത്യാഗം സഹിക്കാൻ മുന്നിട്ടിറങ്ങിയ നേതാക്കൾ. പാർട്ടിയിൽ വിഭാഗീയ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഒന്നിച്ചുനിന്ന് എതിർത്ത പോരാളികൾ. അതിൽ പിണറായിക്ക് ഇടവും വലവും നിന്ന് പടനയിച്ചവരിൽ പ്രധാനിയാണ് ഇ.പി ജയരാജൻ. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പിക്ക് പുറത്തേക്കുള്ള വഴിതുറന്നത് സി.പി.എമ്മിന്റെ കണ്ണൂർ കോട്ടയിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല.
പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് മൂവർ സംഘം വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തിയത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെയാകെ ഇവർ ജീവിതം കൊണ്ട് തിരസ്കരിച്ചുവെങ്കിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ചാണ് ചോദ്യങ്ങൾക്ക് മറുപടികൾ നൽകിയത്. പിണറായിയും കോടിയേരിയും ജയരാജനും സഹോദരങ്ങളെപ്പോലെ പ്രവർത്തിച്ചു. പാർട്ടിക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങളെയും സംഘബലം കൊണ്ട് പ്രതിരോധിച്ചു.
സി.എം.പിക്കും എം.വി. രാഘവനും എതിരായ യുദ്ധത്തിൽ അടർക്കളത്തിൽ ഇറങ്ങി പോരാടിയാണ് ഇവർ കണ്ണൂരിൽ നിലയുറപ്പിച്ചത്. അതിൽ മൂവരും ഒറ്റക്കെട്ടായിരുന്നു. രാഘവനെ പുറത്താക്കിയും സി.എം.പിയെ തൂത്തെറിഞ്ഞും പാർട്ടിയിൽ ശുദ്ധികലശം നടത്തി. സി.ഐ.ടി.യു വിഭാഗവും വി.എസും തമ്മിലുണ്ടായ വടംവലിയിൽ വി.എസിന് ഒപ്പം നിന്നു. വലതുപക്ഷ വ്യതിയാനത്തിനെതിരെ വി.എസ് വിമർശനം ഉയർത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ തന്ത്രങ്ങളെയും മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കണ്ണൂർപ്പടക്ക് കഴിഞ്ഞു. ഇ.പി കേരളം മുഴുവൻ സഞ്ചരിച്ചാണ് വി.എസിനോടൊപ്പം നിന്ന നേതാക്കളെ മറുകണ്ടം ചാടിച്ചത്. അങ്ങനെ പിണറായി വിജയന് പാർട്ടി പിടിച്ചു കൊടുത്ത് നേതാവാണ് ഇ.പി.
പാർട്ടിയിൽ വി.എസ് ക്രമേണ ഒറ്റപ്പെട്ടു. വി.എസിന് ഒപ്പം നിന്നവരിൽ പലർക്കും അധികാരസ്ഥാനങ്ങൾ പങ്കുവെച്ചു. പുത്തൻ പണക്കാരുമായുള്ള സൗഹൃദം പുതിയ കാലത്തെ പാർട്ടി വികസനത്തിന് ആവശ്യമാണെന്ന് വ്യക്തമാക്കി. ലോകം മാറുമ്പോൾ കട്ടൻചായയും പരിപ്പുവടയും അല്ല സഖാക്കൾ കഴിക്കേണ്ടതെന്ന് ഓർമ്മപ്പെടുത്തി. പാർട്ടി സംവിധാനത്തെ അടിമുടി പുതുക്കി പണിതു. മുവർ സംഘം പാർട്ടി ഹെഡ് ക്വാട്ടേഴ്സിന്റെ ആധിപന്മാരായി. പാർട്ടിയിൽ വലതുപക്ഷ വ്യതിയാനം ആരോപിച്ച ടി.പി ചന്ദ്രശേഖരന്റെ തല പൂക്കുല പോലെ തെറിച്ചു. അത് വിമർശനമുയർത്തുന്ന സഖാക്കൾക്ക് പാഠമായി. ഉൾപാർട്ടി ജനാധിപത്യം ഉൾക്കരുത്താക്കി. വി.എസ് വെറുക്കപ്പെട്ടവർ എന്ന് മുദ്രകുത്തിയവർക്കൊക്കെ പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനം ലഭിച്ചു.
പ്രത്യയശാസ്ത്രം പഠിച്ചും പഠിപ്പിച്ചും പോന്ന രാഷ്ട്രീയ നേതാക്കളൊക്കെ മൂലയിൽ ആയി. അധികാരം പങ്കുവെക്കുന്നതിന് പുതിയ സമവാക്യങ്ങൾ ഉണ്ടാക്കി. പ്രായോഗികമായി അധികാരം എങ്ങനെ നിലനിർത്താം എന്നാലോചിച്ചു. സ്വകാര്യ സ്വത്ത് സംവാദത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിച്ചില്ല. ഏതെങ്കിലും ഒരു നേതാവിനെതിരെ ആരോപണം ഉയരുമ്പോൾ മറ്റുള്ളവർ സംഘം ചേർന്ന് പ്രതിരോധിച്ചു. നേതാക്കന്മാരുടെ മക്കൾക്ക് പണ സമ്പാദനത്തിന് പുതുവഴി വെട്ടുന്നതിനെ ന്യായീകരിച്ചു. ദല്ലാളുമാരുമായി സൗഹൃദത്തിലായി. ബൂർഷ്വാ പത്രങ്ങളും വലതുപക്ഷ പാർട്ടികളും ഉന്നയിക്കുന്നതെന്തും പച്ചക്കള്ളം എന്ന് വ്യാഖ്യാനിച്ചു.
ഒടുവിൽ ഇ.പി ജയരാജനെ സംരക്ഷിക്കാൻ പിണറായിക്കും കഴിഞ്ഞില്ല. അടുത്ത സമ്മേളനത്തോടെ സി.പി.എം നേതൃത്വത്തിൽ തലമുറ മാറ്റം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. തലമുറമാറ്റത്തിനായുള്ള പൊട്ടിത്തെറികളാണ് തുടങ്ങിയിരിക്കുന്നത്. കണ്ണൂരിൽ പൊട്ടിത്തെറി തുടങ്ങി. ജയരാജൻ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല. എന്നാൽ ഇത്തവണത്തെ ജാഗ്രതക്കുറവിൽ അടിതെറ്റി. കണ്ണൂർകോട്ടയുടെ ആധിപത്യത്തിന് വിള്ളൽ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇ.പിയുടെ വീഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

