വ്യാജ വാട്സാപ് സന്ദേശത്തിൽ നഷ്ടമായത് 85,000 രൂപ
text_fieldsപുന്നയൂർക്കുളം: വാട്സാപ്പിൽ വന്ന സന്ദേശം തുറന്നതോടെ ആൽത്തറ സ്വദേശിക്ക് നഷ്ടമായത് 85,000 രൂപ. ആർ.ടി.ഒ ഓഫിസിൽ നിന്നെന്ന വ്യാജേന മൊബൈൽ ഫോണിലേക്ക് വന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്തപ്പോഴാണ് ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണം നഷ്ടമായത്. വാട്സാപ് മെസേജ് തുറന്നപ്പോൾ ഇതിൽ ഉണ്ടായിരുന്ന ആപ്ലിക്കേഷൻ ഫോണിൽ സ്വമേധയാ ഇൻസ്റ്റാൾ ആയതിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. ഇതോടൊപ്പം ആപ്പിന്റെ ലിങ്ക് ഫോണിലെ വാട്സാപ് ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും സന്ദേശമായി പോയി.
സംഭവത്തിൽ സൈബർ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇദ്ദേഹം വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ ആർ.ടി.ഒ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് ശേഷമാണ് ആർ.ടി.ഒ എന്ന പേരിൽ മൊബൈലിലേക്ക് മെസേജ് വന്നത്. അപേക്ഷ നൽകിയതിന്റെ വിവരമാണെന്ന് ധരിച്ചാണ് മെസേജ് തുറന്നതെന്ന് ഇദ്ദേഹം പറയുന്നു. ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഇൻസ്റ്റാൾ ചെയ്യിക്കുന്ന വ്യാജ ആപാണ് ആർ.ടി.ഒ തട്ടിപ്പിന് ഉപയോഗിക്കുന്നത്.
ഫോണിലെ വിവരങ്ങൾ മോഷ്ടിക്കുക, സോഫ്‌റ്റ്‌വെയറിന് തകരാർ വരുത്തുക, ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നിവയാണ് ഇത്തരം ആപ്പുകൾ ചെയ്യുന്നത്. എന്നാൽ, മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സന്ദേശങ്ങൾ വാട്സാപ്പിൽ വരില്ലെന്ന് ഗുരുവായൂർ ആർ.ടി.ഒ എം. രമേഷ് പറഞ്ഞു. വിവരങ്ങൾ ടെക്സ്റ്റ് മെസേജായി മാത്രമാണ് വരിക. വ്യാജ ആർ.ടി.ഒ ലിങ്കും ആപ് ഫയലും തുറക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും ഇത്തരത്തില്‍ മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ സന്ദേശങ്ങൾ വന്നിട്ടുണ്ടായിരുന്നു. ഗതാഗത നിയമലംഘനമെന്ന പേരിൽ വാട്സ്ആപ്പിൽ വന്ന സന്ദേശം അനുസരിച്ച് പിഴ ഒടുക്കാൻ ശ്രമിച്ച യുവസംരംഭകന്‍റെ 5,88,500 രൂപ നഷ്ടമായത്. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി അബ്ദുൽ ബാസിതിന്‍റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽനിന്നാണ് പണം നഷ്ടമായത്. യുവാവിന്റെ വാട്സ് സാപ്പിലേക്കാണ് മെസേജ് വന്നത്. ‘സിഗ്നൽ ലംഘനത്തിന് 500 രൂപ പിഴ അടക്കണമെന്നായിരുന്നു’ സന്ദേശം. കമ്പനി സംബന്ധമായ കാര്യങ്ങൾക്ക് ഒട്ടേറെ വാഹനയാത്ര ചെയ്യാറുള്ള യുവാവ് അങ്ങനെ എന്തെങ്കിലും സിഗ്നൽ ലംഘനം ഉണ്ടായിട്ടുണ്ടാകുമെന്ന ധാരണയിൽ ഫൈൻ അടക്കുകയായിരുന്നു.
ഇതിന് ശേഷം ബാങ്കിന്റെ ആപ്പിൽ കയറാൻ പറ്റാതെയായി. ഇതോടെ അക്കൗണ്ടുകളുള്ള ‘ഇൻഡസ്ഇൻഡ്’ ബാങ്കിന്റെ കൊടുങ്ങല്ലൂർ ശാഖയിൽ വിവരം അറിയിക്കുകയായിരുന്നു. വ്യക്തതയില്ലാത്ത ഒരുപാട് സന്ദേശങ്ങളും ഫോണിൽ വരുകയുണ്ടായി. പിറകെ വാട്സ്ആപ്പും നഷ്ടമായി. ഇതോടെയാണ് എല്ലാം ഹാക്ക് ചെയ്യപ്പെട്ടതായും ‘ആർ.ടി.ഒ മെസേജ്’ വ്യാജമാണെന്നും വ്യക്തമായത്. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സമാനമായ രീതിയില്‍ പണം നഷ്ടമായിട്ടുണ്ടെന്നും പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

