ബിന്ദു അമ്മിണിക്കെതിരെ വ്യാജ അശ്ലീല വിഡിയോ: യുവാവ് അറസ്റ്റിൽ
text_fieldsകൊയിലാണ്ടി: ബിന്ദു അമ്മിണിക്കെതിരെ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാസർകോട് ചെറുവത്തൂര്‍ പുതിയ പുരയില്‍ മഹേഷ് കുമാറിനെയാണ് (37) കൊയിലാണ്ടി സി.ഐ കെ.സി. സുഭാഷ് ബാബുവിെൻറ നേതൃത്വത്തിലുള്ള സംഘം കാസർകോട് അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയില്‍ ഹാജരാക്കി.
സുപ്രീംകോടതി വിധിയെ തുടർന്ന് ബിന്ദു അമ്മിണി ശബരിമല സന്ദർശിച്ചിരുന്നു. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഇവർക്കെതിരെ മോശം പരാമർശങ്ങളുമായി ചിലർ രംഗത്തുവന്നു. അശ്ലീല വിഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. 2019ലാണ് കേസിനാസ്പദമായ പരാതി നൽകിയത്. യുവതിയുടേതായി കൃത്രിമമായി നിർമിച്ച അശ്ലീല വ്യാജ വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
സൈബര്‍ സെല്ലിെൻറ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സൈബര്‍ സെല്ലിെൻറ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തും. ഒന്നര വര്‍ഷം മുമ്പ് പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടർന്ന് ബിന്ദു അമ്മിണി സമരം പ്രഖ്യാപിച്ചിരുന്നു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനു മുന്നില്‍ സമരം നടത്തുമെന്നും അവര്‍ പറഞ്ഞിരുന്നു. അതിനിടെയാണ് അറസ്റ്റ്.
സുപ്രീംകോടതി ഉത്തരവു പ്രകാരം ബിന്ദു അമ്മിണിക്ക് ശനിയാഴ്ച മുതല്‍ പൊലീസ് സംരക്ഷണം പുനഃസ്ഥാപിച്ചു. രണ്ട് വനിത പൊലീസുകാരെയാണ് ഏർപ്പെടുത്തിയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

