വ്യാജ ചികിത്സ: വ്യാപക പരിശോധനയിൽ നാലുപേർ പിടിയിൽ
text_fieldsതൃശൂർ: ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പരിശോധനയിൽ വ്യാജ ചികിത്സ നടത്തിയിരുന്ന മൂന്ന് ബംഗാൾ സ്വദേശികളും മലയാളിയും അറസ്റ്റിൽ. ഒരു ബംഗാൾ സ്വദേശി കസ്റ്റഡിയിലുമാണ്. തമ്പാൻ കടവിൽ ഉഴിച്ചിൽ ചികിത്സ ക്ലിനിക്ക് നടത്തിവന്ന സുരേഷ് വൈദ്യനാണ് പിടിയിലായ മലയാളി. കുന്നംകുളം യൂനിറ്റി ആശുപത്രിക്ക് സമീപം പൈൽസ്-ഫിസ്റ്റുല ക്ലിനിക് നടത്തിയ ത്രിദീപ് കുമാർ റോയ് (55), കിഴക്കുംപാട്ടുകര താഹോർ അവന്യൂവിൽ ചാന്ദ്സി എന്ന പേരിൽ പൈൽസ്-ഫിസ്റ്റുല ഹോമിയോ ക്ലിനിക് നടത്തിയ ദിലീപ് കുമാർ സിക്തർ (67), വാടാനപ്പള്ളി ആൽമാവ് സെന്ററിന് പടിഞ്ഞാറ് മീര ക്ലീനിക്ക് നടത്തിവന്ന ബിശ് വാൽ എന്നിവരാണ് പിടിയിലായ ബംഗാൾ സ്വദേശികൾ. വഴിയമ്പലത്ത് ക്ലിനിക്ക് നടത്തിയ ബംഗാൾ സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.
ആരോഗ്യ വകുപ്പിന്‍റെ ‘ഓപറേഷൻ വ്യാജ’ന്‍റെ ഭാഗമായായിരുന്നു പരിശോധന. പാരമ്പര്യ ചികിത്സകരാണെന്ന് ത്രിദീപ് കുമാർ റോയിയും ദിലീപ് കുമാർ സിക്തറും പരിശോധന സംഘത്തോട് പറഞ്ഞു. വർഷങ്ങളായി ഇവർ ക്ലിനിക്കിൽ ചികിത്സ നടത്തുന്നതായി നാട്ടുകാരും പറയുന്നു. തൃശൂർ നഗരത്തിൽ ഡി.എം.ഒ ഓഫിസിന് മീറ്ററുകൾക്കപ്പുറമാണ് ചാന്ദ്സി ക്ലിനിക്. ഹോമിയോയും അലോപ്പതിയും ഉൾെപ്പടെ ചികിത്സ ഇയാൾ ചെയ്യുന്നുണ്ട് എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. പരിശോധനക്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ടി.പി. ശ്രീദേവി, ഡോ. കാവ്യ കരുണാകരൻ എന്നിവർ നേതൃത്വം നൽകി. ലൈസൻസും സർട്ടിഫിക്കറ്റും ഇല്ലാതെയാണ് വാടാനപ്പള്ളിയിലെ ക്ലിനിക്കിൽ ഏറെ വർഷമായി ബിശ് വാൽ മൂലക്കുരു ചികിത്സ നടത്തിയിരുന്നത്. മുമ്പും ഇവിടെ മിന്നൽ പരിശോധന നടത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ക്ലിനിക്ക് അടപ്പിച്ചെങ്കിലും വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു. തമ്പാൻകടവിൽ സുരേഷ് വൈദ്യൻ ഉഴിച്ചിൽ ചികിത്സയാണ് നടത്തിവന്നിരുന്നത്. പരാതി ഉയർന്നതോടെയാണ് അനധികൃതമായി പ്രവർത്തിക്കുന്ന ക്ലിനിക്കുകളിൽ ആരോഗ്യ വകുപ്പ് ഉേദ്യാഗസ്ഥർ റെയ്ഡ് നടത്തിയത്. വാടാനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാർ വളവത്ത്, വലപ്പാട് ആയുർവേദ കേന്ദ്രത്തിലെ സീനിയർ ഡോക്ടർ, വാടാനപ്പള്ളി ഹെൽത്ത് ഇൻസ്പെക്ടർ കെ. ഗോപകുമാർ, തളിക്കുളം ഹോമിയോ മെഡിക്കൽ ഓഫിസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിബിൻ, മിഷൻ എന്നിവർ നേതൃത്വം നൽകി. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉേദ്യാഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
വഴിയമ്പലത്ത് ശാന്തി ക്ലിനിക്കിൽനിന്ന് പശ്ചിമ ബംഗാൾ സ്വദേശിയെ കയ്പമംഗലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രണ്ട് വർഷം മുമ്പും സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന് മുന്നിൽ അംഗീകാരമുള്ള മറ്റൊരു ഡോക്ടറുടെ പേരും വിവരങ്ങളും പ്രദർശിപ്പിച്ചാണ് ചികിത്സ നടത്തിയിരുന്നത്. മതിയായ രേഖകൾ ഇല്ലാത്ത മറ്റു രണ്ട് സ്ഥാപനങ്ങൾക്ക് കൂടി പൂട്ടാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ജില്ല മെഡിക്കൽ ഓഫിസറുടെ ഉത്തരവ് പ്രകാരമാണ് മതിലകം ബ്ലോക്ക് പരിധിയിൽ വ്യാജ ചികിത്സകേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാനു എം. പരമേശ്വരന്റെ നേതൃത്വത്തിൽ കുന്നംകുളം ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. മിഥു കെ. തമ്പി, എസ്.എൻ.പുരം ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. ലേംസി ഫ്രാൻസിസ്, കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ആർ. സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എസ്. ബിനോജ്, എൽ. അഖില എന്നിവരാണ് റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

