എന്തൊരു ‘മാജിക്’; ചെത്താനിവിടെ തെങ്ങില്ല, പക്ഷേ, കള്ള് കുടിക്കാനുണ്ടത്രേ...!
text_fieldsകോട്ടയം: തേങ്ങക്ക് വില കുതിച്ചതോടെ സംസ്ഥാനത്ത് ചെത്താൻ തെങ്ങില്ല, പക്ഷേ, കള്ള്ഷാപ്പുകളിലാകട്ടെ യഥേഷ്ടം കള്ളും! എന്താണ് ഈ മറിമായത്തിന് പിന്നിലെന്ന കാര്യം മാത്രം അവ്യക്തം.
കള്ളുൽപാദനം പ്രോൽസാഹിപ്പിക്കാനും മുക്കിന് മുക്കിന് കള്ളുഷാപ്പുകൾ തുടങ്ങാനും സർക്കാർ പ്രോൽസാഹനം തുടരവെ ആവശ്യമായ കള്ളിനായി ‘കൃത്രിമം’ വ്യാപകമായി നടക്കുന്നെന്ന് വ്യക്തം. സംസ്ഥാനത്ത് എത്ര കള്ളുഷാപ്പുകൾ പ്രവർത്തിക്കുന്നെന്ന വ്യക്തമായ കണക്ക് പോലും സർക്കാറിന്‍റെ പക്കലില്ലാത്തതിനാൽ വ്യാജകള്ളുൽപാദനം വ്യാപകമാകുന്നെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിവിധ ജില്ലകളിൽ വിൽപന നടത്തുന്ന കള്ളിലെ ആൽക്കഹോളിന്‍റെ അളവിൽ വ്യത്യാസമുണ്ടെന്നതും കള്ള് വിൽപനയിലെ ‘കള്ളക്കളി’ വ്യക്തമാക്കുന്നു.
കള്ളിനെ കേരളത്തിന്‍റെ തനത് പാനീയമാക്കും എന്ന പ്രഖ്യാപനമാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷിന്‍റേത്. അത് മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫൈവ്സ്റ്റാർ കള്ളുഷാപ്പുകൾ ഉൾപ്പെടെ കൂണുകൾ പോലെ ഉയരുകയാണ്. ‘ഫാമിലി കള്ളുഷാപ്പുകൾ’ എന്ന ഓമനപ്പേരിട്ട് കേരളത്തിൽ പുത്തൻ ‘കള്ളുകുടി സംസ്കാരം’ മാറ്റുന്ന നിലക്കാണ് കാര്യങ്ങൾ. കള്ളുഷാപ്പുകൾക്ക് ഗ്രേഡിങ് ഉൾപ്പെടെ വിഭാവനം ചെയ്ത് സർക്കാറും അതിനെ പരമാവധി പ്രോൽസാഹിപ്പിക്കുന്നുമുണ്ട്. എന്നാൽ ഈ ഷാപ്പുകളിലൂടെ എന്ത് കള്ളാണ് വിതരണം ചെയ്യുന്നതെന്നും അതിന്‍റെ വീര്യം എത്രയാണെന്നുമുള്ള പരിശോധനകളൊന്നും നടക്കുന്നില്ലെന്ന് മാത്രം. വ്യാജവാറ്റ് പിടികൂടാൻ എക്സൈസിന്റെ നേതൃത്വത്തിൽ ചില റെയ്ഡുകൾ നടക്കുന്നതല്ലാതെ കള്ളുഷാപ്പുകളിൽ വലിയ പരിശോധനയൊന്നുമില്ലെന്ന് ആ മേഖലയിൽ പ്രവർത്തിക്കുന്നവർ പോലും സമ്മതിക്കുന്നു.
നാളികേരത്തിന്റെ വില കുത്തനെ ഉയർന്നതോടെ തെങ്ങു ചെത്ത് വ്യാപകമായി കർഷകർ ഒഴിവാക്കുന്ന സാഹചര്യമാണ് പൊതുവിലുള്ളത്. മുമ്പ് തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഷാപ്പുകൾക്ക് ആവശ്യമുള്ള കള്ള് ഉൽപാദിപ്പിക്കപ്പെടുന്നില്ലെന്ന് എക്സൈസ് വകുപ്പിന്‍റെ തന്നെ കണക്കുകളിൽ വ്യക്തമായതുമാണ്. തെങ്ങ് ചെത്ത് കുറഞ്ഞിട്ടും കള്ളുഷാപ്പുകളുടെ എണ്ണം വർധിക്കുന്നതാണ് ഈ മേഖലയിലെ മായം കലർത്തൽ സംശയം വർധിപ്പിക്കുന്നത്.
കള്ള് കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ലകളിൽ നിന്നും മറ്റ് ജില്ലകളിലേക്ക് എത്തിച്ചാണ് വിൽപന നടത്തുന്നതെന്ന ന്യായമാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. എന്നാൽ മായം കലർത്തിയ കള്ളാണ് പലയിടങ്ങളിലും വിൽപന നടത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. തെങ്ങ് ചെത്ത് കുറഞ്ഞതോടെ മായ൦കലർത്തിയ തെങ്ങിൻകള്ള് വ്യാപകമായി എത്താൻ സാധ്യതയുണ്ടെന്നും അതിനാൽ പരിശോധന കർശനമാക്കണമെന്ന ആവശ്യവും ശക്തമാണ്.
കള്ളുൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന തെങ്ങുകളിൽ മറ്റു രോഗങ്ങൾ കാര്യമായി ബാധിക്കാത്തതിനാൽ നല്ല ഫലലബ്ധിയാണുള്ളത്. നാളികേരത്തിന് നിലവിൽ കിലോക്ക് എൺപത് രൂപക്ക് മുകളിൽ കർഷകർക്ക് ലഭിക്കാൻ തുടങ്ങിയതോടെ കള്ള്ചെത്താൻ കൊടുക്കുന്നതിനേക്കാൾ ലാഭം നാളികേര വിൽപനക്കാണന്നതാണ് കള്ളുൽപാദനത്തിൽ നിന്ന് പിന്തിരിയാൻ അവരെ പ്രേരിപ്പിക്കുന്നതും. ഓണം ഉൾപ്പെടെ ആഘോഷവേളകൾ എത്തുന്ന സാഹചര്യത്തിൽ വ്യാജകള്ളുൽപാദനത്തിന് തടയിടാൻ എക്സൈസ് പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.
അതിനിടെ വിവിധ ജില്ലകളിൽ നിന്നും അധികൃതർ പരിശോധനക്കെടുത്ത കള്ളിൽ ആൽക്കഹോളിന്‍റെ അളവിലും വലിയ വ്യത്യാസമാണ് കാണുന്നത്. നാല് ശതമാനം മുതൽ 8.98 ശതമാനം വരെയാണ് കള്ളിലെ ആൽക്കഹോളിന്‍റെ സാന്നിധ്യവും. അതിന് പുറമെ പല പേരിലുള്ള കള്ളുകളും ഷാപ്പുകളിലൂടെ വിൽക്കുന്നുണ്ട്. ഇവയുടെ പരിശോധനയൊന്നും നടക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

