ചൊക്രമുടിയിൽ വ്യാജ പട്ടയത്തിന്‍റെ മറവിൽ റിസോർട്ട്; റവന്യു വകുപ്പ് ഏറ്റെടുത്തു
text_fieldsപട്ടയം റദ്ദ് ചെയ്ത ഭൂമിയിലെ റിസോര്‍ട്ട്
അടിമാലി : ചൊക്രമുടിയിൽ സർക്കാർ ഭൂമി കയ്യേറി വ്യാജ രേഖകളുടെ പിൻബലത്തിൽ നിർമിച്ച റിസോർട്ടും ഭൂമിയും റവന്യു വകുപ്പ് ഏറ്റെടുത്തു. ചൊക്രാമുടിയുമായി ബന്ധമില്ലാത്ത മറ്റൊരു സ്ഥലത്തെ പട്ടയ രേഖകളുടെ പിൻബലത്തിലാണ് സർക്കാർ ഭൂമി കൈയ്യേറ്റം നടത്തിയതെന്ന് തെളിഞ്ഞതോടെയാണ് ഏറ്റെടുക്കൽ . ദേവികുളം സബ് കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ചൊക്രമുടിയുടെ കവാടത്തിലുള്ള വിന്റർ ഗാർഡൻ റിസോർട്ടാണ് റവന്യു അധികൃതർ ഏറ്റെടുത്തത്.
റവന്യൂ വിഭാഗം പട്ടയം റദ്ദാക്കിയ ഒരേക്കർ അഞ്ച് സെന്റ് ഭൂമിയും ഇവിടെ നിർമിച്ചിരുന്ന റിസോർട്ടും സർക്കാർ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു. പട്ടയ ഫയലിലെ വിവരങ്ങളനുസരിച്ച് ചൊക്രമുടി, വാഴയിൽ മേരിക്കുട്ടി വർഗീസ് എന്നയാൾ കൈവശം വെച്ചിരുന്ന ഭൂമിയാണിത്. എന്നാൽ റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിൽ താലൂക്ക് ഓഫിസിലുള്ള പട്ടയ ഫയലിൽ 1969ൽ ഭൂമി പതിച്ചു നൽകിയതായി രേഖകളുണ്ടെങ്കിലും പട്ടയ അപേക്ഷകൻ റവന്യു ഇൻസ്പെക്ടർക്ക് നൽകിയ മൊഴി, പട്ടയത്തിന്റെ ഓഫിസ് പകർപ്പ്, മഹസർ, സ്കെച്ച് എന്നിവ ഉണ്ടായിരുന്നില്ല. മാത്രമല്ല 274-1 എന്ന മറ്റൊരു സർവേ നമ്പറിന്റെ മറവിലാണ് ഭൂമി കൈവശം വെച്ചിരുന്നതെന്നും കണ്ടെത്തി.
1996ൽ രാജകുമാരി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തീറാധാര പ്രകാരം ടി.എം. ജോസഫ് എന്നയാൾക്ക് അവകാശം സിദ്ധിച്ച ഭൂമിയാണിതെന്ന് വ്യക്തമാക്കുന്നു. സർവേ നമ്പർ 27-1ൽ ഉൾപ്പെട്ട 354.5900 ഹെക്ടർ വിസ്തീർണമുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് ഇതെന്ന് റവന്യു വിഭാഗം കണ്ടെത്തിയതോടെയാണ് പട്ടയം റദ്ദാക്കി ഭൂമിയേറ്റെടുത്തത്. പട്ടയം റദ്ദാക്കുന്നതിന് മുൻപ് രേഖകൾ ഹാജരാക്കി ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കൈവശക്കാർക്ക് ആറ് തവണ റവന്യു വിഭാഗം അവസരം നൽകിയിരുന്നു. വിശദമായ ഹിയറിങ് നടത്തിയ ശേഷമാണ് ഏറ്റെടുക്കൽ പൂർത്തിയാക്കിയത്.
മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലിന്‍റെ ഭാഗമായി ഈ മേഖലയിൽ തിരിച്ച് പിടിച്ച് ഭൂ ബാങ്കിൽ ഉള്ള ഭൂമിയിൽ ഇപ്പോഴും കൈയ്യേറ്റം തുടരുന്നുണ്ട്. ഒരു വിഭാഗം റവന്യു , വനം ഉദ്യോഗസ്ഥരുടെ ഒത്താശയും സർക്കാർ ഭൂമി കൈയ്യേറ്റ മാഫിയക്കുണ്ട് . ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

