സ്ത്രീയെന്ന വ്യാജേന സെക്സ് ചാറ്റിങ്; ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
text_fieldsമലപ്പുറം: സെക്സ് ചാറ്റിങ്ങിനായി സോഷ്യൽ മീഡിയ ആപ്പുകളിൽ സ്ത്രീപേരുകളിൽ പരസ്യം നൽകി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിലായി. പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേശി പാറക്കൽ അബ്ദുസമദിനെയാണ് (26) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
ഷെയർചാറ്റ്, ലൊകാൻറോ എന്നീ ആപ്പുകളിൽ പരസ്യം നൽകി വാട്സ്ആപ്പിലൂടെ സെക്സ് ചാറ്റ് നടത്തുകയും ചിത്രങ്ങളും വിഡിയോകളും കൈമാറുകയുമായിരുന്നു രീതി. ഒന്നര വർഷത്തിനിടെ 19 ലക്ഷത്തിലധികം രൂപയാണ് ഇയാൾ തട്ടിയത്. ചാറ്റ് ചെയ്തതിെൻറ സ്ക്രീൻഷോട്ട് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ചോദിച്ചതോടെ കബളിപ്പിക്കപ്പെട്ടവർ പരാതിയുമായി വരുകയായിരുന്നു.
കീർത്തി, രൂപ, ശിൽപ തുടങ്ങിയ പേരുകളാണ് പ്രതി പരസ്യത്തിനൊപ്പം നൽകിയിരുന്നതെന്ന് പൊലീസ് പറയുന്നു. സെക്സ് ചാറ്റിങ്ങിന് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാൻ വാട്സ്ആപ്പ് നമ്പറും കൊടുക്കും. തുടർന്ന് ആവശ്യക്കാർ മെസ്സേജ് അയക്കുമ്പോൾ വിഡിയോ കോളിങ് 1500 രൂപ, വോയ്സ് കോളിങ് 1000, ചാറ്റിങ് 500, ഡെമോ 400 തുടങ്ങിയ നിരക്കുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറും. ഡെമോക്കായി 400 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചാലാണ് ചാറ്റ് തുടരുക. വിശ്വാസ്യത ഉറപ്പാക്കാൻ പല സ്ത്രീകളുടെയും ഫോട്ടോയും മുഖമില്ലാത്ത നഗ്നവിഡിയോകളും അയച്ചുകൊടുക്കും. ആവശ്യപ്രകാരം വിഡിയോ കോളിന് 1500 മുതൽ 2000 രൂപ വരെ ആളുകൾ നിക്ഷേപിക്കുന്നതോടെ ഇവരെ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യുകയാണ് രീതി. നഷ്ടപ്പെടുന്നത് ചെറിയ സംഖ്യയായതിനാൽ ആരും പരാതിപ്പെടാറില്ല.
2018 ഡിസംബറിലാണ് തട്ടിപ്പ് തുടങ്ങിയത്. മലപ്പുറം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ എ. പ്രേംജിത്ത്, എസ്.ഐമാരായ പി. സംഗീത്, ഇന്ദിരാമണി, സിവിൽ പൊലീസ് ഓഫിസർമാരായ ഹമീദലി, ഹരിലാൽ, ദിനു, ഷൈജൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
