ഓണപ്പരീക്ഷയുടെ പേരിൽ വ്യാജ പ്രചാരണം; സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്
text_fieldsതിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്ന ചാനലുകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വഴി ഡിജിപിക്ക് നൽകിയ പരാതിയിൽ പരീക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി നിരവധി പേർ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെക്കുന്നുണ്ടെങ്കിലും, അതിന്റെ മറവിൽ ചിലർ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നതായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. നാളെ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പർ തങ്ങളുടെ പക്കലുണ്ടെന്നും, തങ്ങൾ പറയുന്ന ചോദ്യങ്ങൾ മാത്രമേ പരീക്ഷയ്ക്ക് ചോദിക്കൂ എന്നും, ഈ ചോദ്യങ്ങൾ മാത്രം പഠിച്ചാൽ മതിയെന്നും വരുത്തിതീർക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾ കുട്ടികളിൽ വലിയ തോതിലുള്ള തെറ്റിദ്ധാരണയും ആശങ്കയും ഉണ്ടാക്കുന്നുണ്ട്. പരീക്ഷയുടെ തലേദിവസം ലഭിക്കുന്ന ചോദ്യങ്ങൾ പഠിച്ചാൽ മതിയെന്ന മനോഭാവത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നത് അവരുടെ പഠനനിലവാരത്തെയും പരീക്ഷാ തയ്യാറെടുപ്പിനെയും സാരമായി ബാധിക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ വിദ്യാർഥികളെ സ്വന്തം ഗ്രൂപ്പുകളിലേക്ക് ആകർഷിച്ച് അവരുടെ വ്യക്തിഗത വിവരങ്ങളും ഡാറ്റയും ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ നേരത്തെ പരാതികൾ ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ, ഓണപ്പരീക്ഷകൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പോലീസ് അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. വ്യാജ അവകാശവാദങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ മുന്നറിയിപ്പ് നൽകുക തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, അധ്യാപകർ നടത്തുന്ന യഥാർത്ഥവും ഗുണനിലവാരമുള്ളതുമായ പഠന ക്ലാസുകൾക്ക് ഈ നിയന്ത്രണങ്ങൾ തടസ്സമാകരുതെന്നും, ചോദ്യപേപ്പർ നൽകുമെന്ന പേരിൽ വിദ്യാർഥികളെ കബളിപ്പിക്കുന്നവരെ മാത്രം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

