സബ് ആർ.ടി ഓഫിസിൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് ‘വ്യാജൻ’ ജോലി ചെയ്തത് പത്ത് വർഷം!
text_fieldsതിരൂരങ്ങാടി (മലപ്പുറം): തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽ ഉദ്യോഗസ്ഥനെന്ന വ്യാജേന യുവാവ് ജോലി ചെയ്തത് പത്ത് വർഷത്തോളം. ഉദ്യോഗസ്ഥരുടെ യൂസർ ഐഡിയും പാസ് വേഡുമെല്ലാം ഉപയോഗിച്ച്, സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത ഇയാൾ കമ്പ്യൂട്ടർ ജോലികളടക്കം ചെയ്ത് വരികയായിരുന്നു. താനൂർ സ്വദേശിയായ ഇയാൾ ഏജന്റുമാരുടെ ബിനാമിയാണ്. ഇയാൾക്കുള്ള വേതനം ഉദ്യോഗസ്ഥരും ഏജന്റുമാരുമാണ് നൽകിയിരുന്നത്. ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ട പല രേഖകളും ഇയാളാണത്രെ അപ്ലോഡ് ചെയ്തിരുന്നത്.
‘മീഡിയവൺ’ പുറത്തുകൊണ്ട് വന്ന ഈ വാർത്തയെതുടർന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം തൃശൂർ മേഖല ഡെപ്യൂട്ടി കമീഷണർ എം.പി. ജെയിംസ് സബ് ആർ.ടി ഓഫിസിൽ പരിശോധന നടത്തി. ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റ താൻ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും കീഴുദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ടെന്നും തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ സി.പി. സക്കറിയ പറഞ്ഞു.
വാർത്ത വന്നതോടെ തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ എം.പി. ജെയിംസ് ഓഫിസിൽ പരിശോധനക്ക് എത്തിയത്. കമ്പ്യൂട്ടറുകളും ഫയലുകളും പരിശോധിച്ച അദ്ദേഹം ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ട്രാൻസ്പോർട്ട് കമീഷണർക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. സംഭവത്തിൽ ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. അതേസമയം, വ്യാജനായി ജോലി ചെയ്ത യുവാവിനെതിരെ നടപടിയൊന്നുമെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

