കള്ളനോട്ട്: മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം രണ്ടുപേർ അറസ്റ്റിൽ
text_fieldsചാരുംമൂട്: ചാരുംമൂട്ടിൽ കള്ളനോട്ട് മാറാനെത്തിയ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കമുള്ള രണ്ടുപേർ അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള മുറിയിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർകാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38) എന്നിവരെയാണ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സി.പി.ഐക്കാരനായ ക്ലീറ്റസ്, ഈസ്റ്റ് കല്ലട പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്നു.
സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ സ്ത്രീ നൽകിയ 500 രൂപ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ വിവരം അറിയിക്കുകയാരുന്നു. ലേഖയാണ് കള്ളനോട്ടുമായി സാധനം വാങ്ങാൻ എത്തിയത്. സംശയം തോന്നിയ ജീവനക്കാർ വിവരം നൂറനാട് സ്റ്റേഷനിൽ അറിയിച്ചതോടെ പൊലീസെത്തി പരിശോധിച്ചപ്പോൾ പഴ്സിൽനിന്ന് 500 രൂപയുടെ വേറെയും കള്ളനോട്ടുകൾ കണ്ടെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ലേഖയുടെ വീട്ടിൽ നടന്ന പരിശോധനയിൽ 500 രൂപയുടെ കൂടുതൽ നോട്ടുകൾ കണ്ടെത്തി. അന്വേഷണത്തിൽ ഇവർക്ക് കള്ളനോട്ട് നൽകിയത് കൊല്ലം ഈസ്റ്റ് കല്ലട കൊടുവിളമുറിയിൽ പത്താം വാർഡിൽ ക്ലീറ്റസാണെന്ന് മനസ്സിലാക്കി.
ഇയാളെ വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

