വ്യാജ വാര്‍ത്തകള്‍ കടുത്ത വെല്ലുവിളി, ഇതുമൂലം ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെട്ടു -അനുരാഗ് സിങ് ഠാക്കൂര്‍
text_fieldsകോഴിക്കോട്: വ്യാജ വാര്‍ത്തകള്‍ കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. കോവിഡ് കാലത്ത് മഹാമാരിയുടെ പകര്‍ച്ചയെക്കാള്‍ വേഗത്തിലാണ് വ്യാജ വിവരങ്ങള്‍ പ്രചരിച്ചത്. ഇത് ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും സംഭവിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ മൂലം ഒട്ടേറെ ജീവനുകള്‍ നമുക്കു നഷ്ടപ്പെട്ടു -മന്ത്രി പറഞ്ഞു. ജന്മഭൂമി കോഴിക്കോട് എഡിഷന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതാനും വര്‍ഷം കൊണ്ട് ഡിജിറ്റല്‍ മാധ്യമങ്ങള്‍ വലിയ വളര്‍ച്ചയാണു നേടിയത്. ഇതു വിവര ലഭ്യതയ്ക്ക് ഏറെ സഹായകമായെങ്കിലും തെറ്റായ വിവരങ്ങളും മറ്റും വലിയ തോതില്‍ പ്രചരിക്കാൻ ഇടയാക്കി. വ്യാജ വാര്‍ത്തകളും ദുഷ്പ്രചാരണങ്ങളും കിടമത്സരങ്ങളും എല്ലാ മേഖലകള്‍ക്കും വെല്ലുവിളിയാണ്. അച്ചടി മാധ്യമങ്ങളുടെ തന്നെ ഡിജിറ്റല്‍ വായന അച്ചടിക്കോപ്പിയെക്കാള്‍ മൂന്നിരട്ടി വരെ കൂടി. വ്യാജവാർത്തകളെ അതിജീവിക്കാന്‍ അച്ചടി മാധ്യമങ്ങളിലും മറ്റു വാര്‍ത്താ സംവിധാനങ്ങളിലും എന്താണു സംഭവിക്കുന്നതെന്ന് നാം പരിശോധിച്ചു വിലയിരുത്തണം -മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ നയപരിപാടികളും വികസന നേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രദേശിക പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും മുഖ്യ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരുവിഭാഗം മലയാളം മാധ്യമ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 20 പത്ര ഉടമകളും പത്രാധിപന്മാരുമാണ് പരിപാടിയിൽ പങ്കെടുത്തത്. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, നിരവധി മികച്ച നിര്‍ദേശങ്ങള്‍ ലഭിച്ചതായും കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി എം.ഡി എം.വി. ശ്രേയാംസ്‌കുമാര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, 24 ന്യൂസ് ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍, ദീപിക എം.ഡി ഫാ. മാത്യൂ ചന്ദ്രന്‍കുന്നേല്‍, മംഗളം എം.ഡി സാജന്‍ വര്‍ഗീസ്, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ഏഷ്യാനെറ്റ് ന്യൂസ് റീജനല്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പി. ഷാജഹാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.