
വൈദ്യുതി ഉപഭോക്താക്കൾക്ക് വ്യാജസന്ദേശം; കെ.എസ്.ഇ.ബി പരാതി നൽകി
text_fieldsതിരുവനന്തപുരം: ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ വ്യാജ എസ്.എം.എസ് സന്ദേശം ലഭിച്ചതായി പരാതി ഉയർന്നതിനെത്തുടർന്ന് കെ.എസ്.ഇ.ബി സൈബർ സെല്ലിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കേരള പൊലീസിന്‍റെ സൈബർ വിഭാഗം കെ.എസ്.ഇ.ബിയെ അറിയിച്ചു. കുടിശ്ശിക നിവാരണ ഭാഗമായി കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ നിരവധി ഉപഭോക്താക്കൾക്ക് വ്യാജ മൊബൈൽ സന്ദേശം ലഭിക്കുകയുണ്ടായി. കെ.എസ്.ഇ.ബിയിൽനിന്ന് ലഭിക്കാറുള്ള സന്ദേശത്തിന്‍റെ ശൈലിക്ക് വിരുദ്ധമായി ഒരു മൊബൈൽ നമ്പറിൽനിന്ന് വൈദ്യുതി വിച്ഛേദന സന്ദേശം ലഭിച്ചതാണ് ഉപഭോക്താക്കൾക്ക് സംശയത്തിനിട നൽകിയത്. തുടർന്ന് പലരും കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃ സേവന കേന്ദ്രത്തെ പരാതി അറിയിച്ചതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്.
കുടിശ്ശിക നിവാരണ ഭാഗമായി കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശ്ശിക തുക, സെക്ഷന്‍റെ പേര്, പണമടക്കാനുള്ള വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവയുൾപ്പെടെ വ്യക്തി വിവരങ്ങൾ ഒരു ഘട്ടത്തിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല.
മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിലേക്ക് കടന്നുകയറാൻ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുെവക്കരുത്. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണം.
ഇത്തരം വ്യാജ സന്ദേശങ്ങളോ ഫോൺ കോളുകളോ ലഭിക്കുന്നപക്ഷം കെ.എസ്.ഇ.ബിയുടെ കസ്റ്റമർകെയർ നമ്പറായ 1912ൽ വിളിച്ചോ 94960 01912 എന്ന നമ്പരിൽ വാട്ട്സ്ആപ്പ് സന്ദേശമയച്ചോ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
