വ്യാജ ജഡ്ജിമാർ വരെ തട്ടിപ്പുനടത്തുന്ന കാലമാണിത്, മഫ്തിയിൽ പോകുന്ന പൊലീസുകാർ ഐ.ഡി കാർഡ് കരുതണം -ഹൈകോടതി; പൊലീസിന് നേരെ കുരുമുളക് സ്പ്രേ ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം
text_fieldsകൊച്ചി: പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡുമായി മാത്രമേ പൊലീസ് മഫ്തിയിൽ പരിശോധനക്ക് പോകാവൂവെന്ന് ഹൈകോടതി. ഭാരതീയ ന്യായ സംഹിതയിലോ കേരള പൊലീസ് ആക്ടിലോ മഫ്തി പൊലീസിങ്ങിനെക്കുറിച്ച് പറയുന്നില്ല. എന്നാൽ, പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മഫ്തിയിൽ പരോൾ നടത്താമെന്ന് കേരള പൊലീസ് മാന്വലിലുണ്ട്. ഇത് കണക്കിലെടുത്താണ് നിർദേശമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
മയക്കുമരുന്ന് കൈവശംവെച്ചുവെന്ന് സംശയിച്ച് ചോദ്യം ചെയ്ത മഫ്തി പൊലീസുകാർക്കുനേരെ കുരുമുളക് സ്പ്രേ തളിച്ചെന്ന് ആരോപിക്കുന്ന കേസിലെ പ്രതി കോട്ടയം സ്വദേശി ഷിബിൻ ഷിയാദിന് മുൻകൂർ ജാമ്യം അനുവദിച്ചാണ് കോടതി നിരീക്ഷണം. ഒക്ടോബർ 24ന് മഫ്തിയിലെത്തിയ വാകത്താനം പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്നാണ് കേസ്. മൂന്നുപേരെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി. ഔദ്യോഗിക കുറ്റകൃത്യത്തിന് തടസ്സം നിന്നു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി. പൊലീസുകാർ മഫ്തിയിലായിരുന്നുവെന്നും തിരിച്ചറിയൽ കാർഡ് കാണിച്ചില്ലെന്നുമായിരുന്നു ഹരജിക്കാരന്‍റെ വാദം. മയക്കുമരുന്ന് കേസുകൾ പിടിക്കാൻ മഫ്തി പൊലീസിങ് അനിവാര്യമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വാദിച്ചു.
പൊലീസും സി.ബി.ഐയും ചമഞ്ഞ് മാത്രമല്ല, വാഹനങ്ങളിൽ ജഡ്ജിന്‍റെ ബോർഡ് വെച്ചുപോലും ക്രിമിനലുകൾ തട്ടിപ്പു നടത്തുന്നത് ഇക്കാലത്ത് പതിവാണെന്ന് കോടതി പറഞ്ഞു. അതിനാൽ, ജനങ്ങളുടെ പ്രതികരണവും ജാഗ്രതയോടെയായിരിക്കുമെന്ന് പൊലീസ് കരുതണം. തിരിച്ചറിയൽ കാർഡില്ലാതെ പരിശോധന നടത്തുന്നത് ജനം ചോദ്യം ചെയ്താൽ കുറ്റം പറയാനാവില്ല. സ്വന്തം സുരക്ഷ പൊലീസ് ഉറപ്പുവരുത്തണം. യൂനിഫോം അണിയുകയെന്നതാണ് സ്വയം സുരക്ഷക്ക് ഏറ്റവും നല്ലതെന്ന് ഹൈകോടതിയുടെ മുൻ ഉത്തരവ് ചൂണ്ടിക്കാട്ടി. ലഹരിക്കെതിരായ ഡ്രൈവ് നിർദേശിക്കുന്ന പൊലീസ് മേധാവിയുടെ ഉത്തരവിൽ മഫ്തിയിൽ പോകണമെന്ന് നിർദേശിച്ചിട്ടില്ലെന്നും കണ്ടെത്തി. കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്നതാണ് ചുമത്തിയതിൽ ഏക ജാമ്യമില്ലാ വകുപ്പ്. ഇത് അന്വേഷണത്തിൽ തെളിയേണ്ടതാണെന്ന് വിലയിരുത്തിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

