പ്രീഡിഗ്രി തോറ്റ കണ്ണൻ ‘വ്യാജ ഡോക്ടറാ’യി, പിടിയിലായത് 81ാം വയസ്സിൽ; സംശയത്തിനിടയാക്കിയത് കാലാവധി കഴിഞ്ഞ മരുന്ന്
text_fieldsബേപ്പൂർ: പ്രീഡിഗ്രി തോറ്റ കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ കണ്ണൻ വ്യാജ ഡോക്ടറായി രോഗികളെ ചികിതിച്ചതിന് പിടിയിലായത് 81ാം വയസ്സിൽ. മാറാട് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത വ്യാജ ഡോക്ടർ 21 വർഷമാണ് നാട്ടുകാരെ ചികിത്സിച്ച് വഞ്ചിച്ചത്. 2004 മുതൽ മാറാട് സാഗര സരണിയിൽ വായനശാലക്കു സമീപം ‘മാറാട് മെഡിക്കൽ സെന്റർ’ എന്ന പേരിൽ ചികിത്സാ കേന്ദ്രം തുടങ്ങിയ ഡോ. ഇ.കെ. കണ്ണൻ എന്ന കുഞ്ഞിക്കണ്ണൻ (81) കഴിഞ്ഞ ദിവസമാണ് പിടിയിലായത്. 21 വർഷത്തിനിടെ സാധാരണക്കാരായ ആയിരങ്ങളാണ് ഇയാളുടെ ചികിത്സയിൽ വഞ്ചിതരായത്. ആർക്കും ഒരു സംശയത്തിനും ഇടവരുത്താത്ത വിധമാണ് ഇയാളുടെ പെരുമാറ്റം.
ബേപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിചരണത്തിലുള്ള കിടപ്പ് രോഗികൾക്ക് നൽകിയ മരുന്നുകളുടെ പരിശോധനയിൽ നിന്നാണ് പാലിയേറ്റീവ് നഴ്സുമാർ കണ്ണന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. രോഗികൾക്ക് ഇയാൾ നൽകിയത് കാലാവധി കഴിഞ്ഞ ഗുളികകളും കുപ്പി മരുന്നുകളുമാണ്.
കുപ്പികൾക്ക് മുകളിൽ ഒട്ടിച്ച ലേബലിലെ കാലാവധി രേഖപ്പെടുത്തുന്ന ഭാഗം ചുരണ്ടി, മരുന്നുകൾ കഴിക്കേണ്ടുന്ന വിധം എങ്ങിനെ എന്നുള്ള ലേബൽ മുകളിൽ ഒട്ടിച്ചാണ് ഇയാൾ രോഗികൾക്ക് സ്ഥിരമായി നൽകിയത്. പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ് മാറാട് പൊലീസിൽ പരാതി നൽകിയത്. പൊലീസും ഡ്രഗ്സ് കൺട്രോൾ വിഭാഗവും കാലാവധി കഴിഞ്ഞ നിരവധി മരുന്നുകളാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
നല്ലളം പാടം സ്റ്റോപ്പിനു സമീപം സ്ഥിര താമസമാക്കിയാണ് മൂന്നരകിലോമീറ്ററോളം ദൂരെയുള്ള തീരമേഖലയുൾപ്പെടുന്ന മാറാട് പ്രദേശം കേന്ദ്രീകരിച്ച് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. ഒരുവിധ രേഖകളും രജിസ്ട്രേഷനുമില്ലാതെ അലോപ്പതി-ആയുർവേദ ചികിത്സയിലൂടെ രോഗികൾക്ക് കാലപ്പഴക്കമുള്ള മരുന്നുകൾ നൽകിയതായും അനധികൃതമായി മരുന്നുകൾ സൂക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അലോപ്പതി, ആയുർവേദം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ഡ്രഗ്സ് കൺട്രോൾ വിഭാഗം തുടങ്ങിയവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണനെതിരെ ആൾമാറാട്ടം നടത്തിയതിനും ജനങ്ങളെ വഞ്ചിച്ചതിനും കേസെടുത്തത്. നി യമവിരുദ്ധമായി സൂക്ഷിച്ചതും കാലാവധി കഴിഞ്ഞതുമായ മരുന്നുകളും കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണം നടത്തുമെന്നും പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്നും മാറാട് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലു പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗവും വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

