വ്യാജബിരുദ സർട്ടിഫിക്കറ്റ്: നിഖിലിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം
text_fieldsകായംകുളം: വ്യാജ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ എം.എസ്.എം കോളജിൽ എം.കോം പ്രവേശനം നേടിയ സംഭവത്തിൽ ഒളിവിൽ പോയ മുൻ എസ്.എഫ്.ഐ നേതാവിനായി അന്വേഷണം ഊർജിതമായി. എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്ന കായംകുളം മാർക്കറ്റിൽ കിളിലേത്ത് വീട്ടിൽ നിഖിൽ തോമസിനായി (23) വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം മുന്നേറുന്നത്.
കലിംഗ സർവകലാശാലയിൽ പൊലീസ് നേരിട്ട് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു വിദ്യാർഥി അവിടെ ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇയാൾ പഠിച്ച എം.എസ്.എം കോളജിൽനിന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാരേഖകളും പൊലീസ് കണ്ടുകെട്ടി. പ്രവേശന നടപടികൾ സംബന്ധിച്ച് അന്ന് ചുമതലയിലുണ്ടായിരുന്ന അധ്യാപക-അനധ്യാപകരെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
തിരുവനന്തപുരത്തുണ്ടായിരുന്ന നിഖിൽ തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ ശേഷമാണ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയതെന്നാണ് പ്രാഥമിക നിഗമനം. ഒളിത്താവളം കണ്ടെത്തുന്നതിനായി ഇയാളുടെ സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. 465, 471, 468 എന്നീ വകുപ്പുകളാണ് നിഖിലിന് എതിരെ ചുമത്തിയിരിക്കുന്നത്. വഞ്ചന ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള വ്യാജരേഖ നിർമാണമാണ് പ്രധാന കുറ്റം. ഡിവൈ.എസ്.പി ജി. അജയ്നാഥിന്റെയും സി.ഐ മുഹമ്മദ് ഷാഫിയുടെയും നേതൃത്വത്തിലുള്ള പത്ത് അംഗങ്ങൾ അടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇയാളെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ തട്ടിപ്പിന്റെ ആഴം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂവെന്ന് ഡിവൈ.എസ്.പി അജയ്നാഥ് പറഞ്ഞു.
അതേസമയം, വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കിയതിന് പിന്നിൽ മുൻ എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിൽ വൻ സംഘം പ്രവർത്തിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഏരിയയുടെ ഉത്തരവാദിത്തം വഹിക്കുന്ന സമയത്താണ് ഇയാൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ലോബിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചതത്രേ. പിന്നീട് സംഘടന നടപടിയിൽ പാർട്ടിയിൽനിന്ന് പുറത്തായതോടെ വിദേശത്തേക്ക് പോകുകയായിരുന്നു. എസ്.എഫ്.ഐയിലെ വിഭാഗീയതയിൽ ഇരുപക്ഷമായി തിരിഞ്ഞതോടെയാണ് തുറുപ്പുചീട്ടെന്ന നിലയിൽ നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയം ഇവർ സംഘടനക്കകത്ത് ചർച്ചയാക്കിയതെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

