മാലപൊട്ടിച്ച കേസിൽ പൊലീസ് കുടുക്കിയ താജുദ്ദീന് 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
text_fieldsതാജുദ്ദീൻ
കൊച്ചി: സ്കൂട്ടറിലെത്തി മാലപൊട്ടിച്ചെന്ന കള്ളക്കേസിൽ കുടുക്കി പ്രവാസിയെ ജയിലിലടച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈകോടതി ഉത്തരവ്. കണ്ണൂർ തലശ്ശേരിക്കടുത്ത കതിരൂര്‍ പുല്യോട് സിഎച്ച് നഗര്‍ സ്വദേശി താജുദ്ദീനാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് ഉത്തരവ്.
2018 ജൂലൈയിൽ കണ്ണൂർ പെരളശേരി ചോരക്കുളത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറിലെത്തിയയാൾ വീട്ടമ്മയുടെ മാല പിടിച്ചുപറിക്കുകയായിരുന്നു. അഞ്ചരപ്പവന്‍റെ മാലയാണ് കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഉള്ള പ്രതിയുമായി രൂപസാദൃശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീനെ ചക്കരക്കല്ല് പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തു. 54 ദിവസമാണ് ഇദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നത്. പ്രവാസിയായ ഇദ്ദേഹം മകളുടെ വിവാഹാവശ്യാർഥം നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. 15 ദിവസത്തെ അവധിയിലായിരുന്നു താജുദ്ദീന്‍ നാട്ടിലെത്തിയത്. അതിനിടയിലാണ് മാല മോഷണത്തിലെ പ്രതിയായി ജയിലില്‍ കഴിയേണ്ടിവന്നത്. നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും തെളിവുകൾ ഹാജരാക്കിയിട്ടും പൊലീസ് വിട്ടയച്ചിരുന്നില്ല.
സംഭവത്തിൽ യഥാർഥ പ്രതി ശരത് വത്സരാജിനെ പിന്നീട് പിടികൂടിയിരുന്നു. അന്വേഷണത്തില്‍ ചക്കരക്കല്‍ എസ്‌ഐ ബിജുവിന് തെറ്റ് പറ്റിയെന്ന് കണ്ടെത്തി. എസ്.ഐയെ വകുപ്പതല നടപടിക്ക് വിധേയമാക്കി സ്ഥലം മാറ്റി.
ജീവിക്കാനുള്ള അവകാശത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് താജദ്ദീൻ നേരിട്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നീതി ലഭിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും വാര്‍ത്ത പുറത്തെത്തിച്ച ‘മീഡിയവണി’ന് നന്ദിയെന്നും താജുദ്ദീന്‍ പ്രതികരിച്ചു.
സന്തോഷത്തില്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്ന കുടുംബമായിരുന്നു തങ്ങളുടേതെന്നും പൊലീസിന്റെ അതിബുദ്ധി കാരണം ഉപ്പാനെ ജയിലിലടച്ചതോടെ ആ സന്തോഷത്തിന് മങ്ങലേറ്റതായും മകന്‍ തെസിന്‍ താജുദ്ദീൻ പ്രതികരിച്ചു. ‘54 ദിവസമാണ് ഉപ്പ ജയിലില്‍ കിടന്നത്. പെരുന്നാളിനടക്കം ജയിലിലായിരുന്നു. തങ്ങളുടെ ഉത്തരവാദിത്തത്തില്‍ ഉപ്പയുടെ നിരപരാധിത്വം തെളിയിച്ചെങ്കിലും ഖത്തറിലുള്ള ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാകാതെ മുടങ്ങി. ഉപ്പാക്കെതിരെ സ്‌പോണ്‍സര്‍ കേസ് കൊടുത്തത് കാരണം അവിടെയും 24 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ആയുസിന്റെ പ്രധാനപ്പെട്ട സമയം പൊലീസുകാര്‍ കാരണമാണ് നഷ്ടപ്പെട്ടത്. അത് ജീവിതത്തിലൊരിക്കലും അനുഭവിക്കാത്തവര്‍ക്ക് മനസിലാകുമെന്ന് തോന്നുന്നില്ല’ -മകന്‍ പറഞ്ഞു.
‘ഒരുപാട് സ്വപ്‌നങ്ങള്‍ വെച്ചുപുലര്‍ത്തിയ ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം കെടുത്തിയതിന്റെ കാരണക്കാര്‍ പൊലീസുകാര്‍ മാത്രമാണ്. ആത്മഹത്യക്ക് പോലും ശ്രമിച്ച സമയമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. പൊലീസുകാര്‍ കാരണം അത്രയും ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. കോടതിവിധി തങ്ങള്‍ക്കനുകൂലമാകാന്‍ സഹായിച്ച അസഫലി, മീഡിയവണ്‍, കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹിം എന്നിവര്‍ക്ക് നന്ദി. കോടതി തന്ന പണത്തിലല്ല, ഇനിയൊരാള്‍ക്കും ഇത്തരത്തില്‍ അവസ്ഥ വരാതിരിക്കാന്‍ പൊലീസുകാര്‍ക്ക് ശ്രദ്ധ വേണം’ -തെസിന്‍ താജുദ്ദീന്‍ പറഞ്ഞു.
മാലപൊട്ടിച്ചത് ശരത്ത് വത്സരാജ്, പിന്നീട് പിടിയിലായി
മാല പിടിച്ചുപറിച്ച കേസിലെ യഥാര്‍ഥ പ്രതിയെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു. ഓണ്‍ലൈനില്‍ കാമറ വാങ്ങി പണം നല്‍കാതെ വഞ്ചിച്ചുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഴിയൂര്‍ കോറോത്ത് റോഡിലെ ശരത്ത് വത്സരാജി (35)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിവൈഎസ്പി പി.പി. സദാനന്ദന്‍ നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതി പിടിയിലായത്.
മാലപൊട്ടിച്ചത് താനാണെന്ന് ശരത് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തലശ്ശേരിയിലെ ജ്വല്ലറിയില്‍ വിറ്റ മാലയും മാല പൊട്ടിക്കാനെത്തിയ സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. പെരളശേരിയില്‍നിന്ന് മാല പൊട്ടിച്ചയാള്‍ വെള്ള സ്‌കൂട്ടറില്‍ കതിരൂര്‍ പുല്യോട് വഴിയാണ് കടന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്നു പൊലീസ് 60ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പുല്യോടിന് ശേഷമുള്ള ദൃശ്യങ്ങളില്‍ മാല മോഷ്ടിച്ചയാളെ കാണാനുണ്ടായില്ല.
സി.സി.ടി.വി ദൃശ്യം കാണിച്ചപ്പോള്‍ സി.എച്ച് നഗറിലെ താജുദ്ദീനുമായി രൂപസാദൃശ്യമുണ്ടെന്ന് പുല്യോട് പ്രദേശത്തുള്ള ചിലർ മൊഴി നൽകി. താജുദ്ദീനെ കസ്റ്റഡിയിലെടുത്ത് മാല നഷ്ടപ്പെട്ട സ്ത്രീയെയും മറ്റ് ദൃക്‌സാക്ഷികളെയും കാണിച്ചപ്പോള്‍ മാല കവര്‍ന്നത് ഇയാളെന്നായിരുന്നു പറഞ്ഞത്. ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
ദൃശ്യങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കൈയില്‍ സ്റ്റീല്‍ വള ധരിച്ചിരുന്നുവെന്നും നെറ്റിയില്‍ മുറിവിന്‍റെ അഞ്ചുപാടുകളുണ്ടെന്നും കണ്ടെത്തിയിരുന്നു. കഷണ്ടി, നരച്ച മുടി, കൈയ്യിലെ സ്റ്റീല്‍വള, നെറ്റിയിലെ മുറിവിന്‍റെ ചെറിയ പാടുകള്‍ എന്നിവ സൂക്ഷ്മമായി പരിശോധിച്ചാണ് പ്രതി താജുദ്ദീനല്ലെന്ന് ഉറപ്പിച്ചത്.
ഇരുവരും തമ്മിലുള്ള അസാധാരണ സാമ്യമായിരുന്നു പൊലീസിനെ വഴിതെറ്റിച്ചത്. മാത്രമല്ല, ചക്കരക്കല്ലില്‍ മാലപൊട്ടിച്ച ദിവസത്തെ ടവര്‍ ലൊക്കേഷനില്‍ താജുദ്ദീന്‍റെ ഫോണുണ്ടായിരുന്നു. അടുത്ത ദിവസം മാഹിയിലും ശരത് മാല പൊട്ടിച്ചിരുന്നു. ഈ ടവര്‍ ലൊക്കേഷനിലും താജുദ്ദീന്‍റെ ഫോണുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഇതുകൂടിയായപ്പോള്‍ താജുദ്ദീനാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. ഈ ദിവസം താജുദ്ദീന്‍ വടകരയിലെ സഹോദരിയുടെ വീട്ടില്‍ പോയതാണ് ആ ടവര്‍ ലൊക്കേഷനില്‍ ഫോണ്‍ സാന്നിധ്യം വരാന്‍ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

