കണ്ടെത്തേണ്ടത് ആളും രേഖയും ഉപകരണങ്ങളും
text_fieldsമണ്ണാർക്കാട്: വ്യാജരേഖ നിർമിച്ചത് എങ്ങനെയെന്ന് അറിയാവുന്നത് വിദ്യക്ക് മാത്രമാണെന്നും വിശദാംശങ്ങൾക്കായി കസ്റ്റഡിയിൽ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദമാണ് വ്യാഴാഴ്ച കോടതി അംഗീകരിച്ചത്. വ്യാജരേഖ തയാറാക്കാനായി ഉപയോഗിച്ച ലെറ്റർ ഹെഡ്, സീലുകൾ, ഇവ നിർമിക്കാനുപയോഗിച്ച കമ്പ്യൂട്ടർ എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
രേഖയിൽ ഒപ്പിട്ടത് മറ്റാരെങ്കിലുമാണോ എന്നും ഇവർ സമാനമായ രീതിയിൽ മറ്റു രേഖകൾ നിർമിച്ചിട്ടുണ്ടോയെന്നും അറിയണമെന്നും കസ്റ്റഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ പറഞ്ഞു.
വിദ്യക്ക് ജോലി ലഭിക്കാത്തതുകൊണ്ട് കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മാധ്യമ -പൊതുജന പ്രീതിക്കായി നിയമങ്ങളെ കാറ്റിൽപറത്തി പൊലീസ് കാണിച്ചുകൂട്ടുന്ന നാടകമാണ് അറസ്റ്റ്. എസ്.എഫ്.ഐയുടെ മുൻ പ്രവർത്തക ആയതിനാൽ രാഷ്ട്രീയ നേട്ടത്തിനായി ഉണ്ടാക്കിയതാണിത്. ഒരു ദിവസത്തെ കസ്റ്റഡി അനുവദിച്ചാൽ മതിയെന്നും വിദ്യക്കുവേണ്ടി ഹാജറായ അഭിഭാഷകൻ വാദിച്ചെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. തുടർന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ വിദ്യയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചക്ക് 3.15ഓടെ അഗളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പൊലീസിനെ പുലിവാല് പിടിപ്പിച്ച് ‘മൊഴി’
പാലക്കാട്: മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യ മൊഴി നൽകിയത്. ഉയർന്ന വിദ്യാഭ്യാസ നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം നൽകിയത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കേസിന് പിന്നിൽ വൻ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. വലതുപക്ഷ അധ്യാപക സംഘടനകൾ ഇതിന് ചുക്കാൻ പിടിച്ചു.
കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവും. താൻ ഒളിവിൽ പോയതല്ല. മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനക്ക് വരുന്നതുവരെ മാറിനിൽക്കണമെന്ന അഭിഭാഷകന്റെ ഉപദേശം സ്വീകരിക്കുകയായിരുന്നുവെന്നും വിദ്യ മൊഴിയിൽ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനു ശേഷമാണ് വിദ്യ പിടിയിലാവുന്നത്. അതിനാൽ, വ്യാജരേഖയുടെ ഒറിജിനൽ നശിപ്പിക്കുന്നതിനും മറ്റും വിദ്യക്ക് സമയം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

