പെണ്‍കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചതായി വ്യാജ പ്രചാരണം; മാതാവ് പൊലീസിൽ പരാതി നൽകി
text_fieldsകട്ടപ്പന: നഗരത്തിൽ പെൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതായി വ്യാജ പ്രചാരണം. തമിഴ്നാട് സ്വദേശിനിയും രണ്ടു വയസ്സുള്ള മകളും ബന്ധുവും അടങ്ങുന്ന ചിത്രവും ശബ്ദസന്ദേശവുമാണ് വെള്ളിയാഴ്ച മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വണ്ടന്മേട് വി.ഇ.ഒ ഇടപെട്ട് പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തുവെന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. പ്രചാരണം വ്യാപകമായതോടെ കട്ടപ്പന പൊലീസ് ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
തമിഴ്നാട് സ്വദേശിനിയായ യുവതിയും ബന്ധുവായ സ്ത്രീയും കട്ടപ്പനക്ക് സമീപമുള്ള ഏലത്തോട്ടത്തിലെ തൊഴിലാളികളാണ്. ജോലിക്ക് പോകേണ്ടതിനാൽ രണ്ടു വയസ്സുകാരി മകളെ സുരക്ഷിതമായി പാർപ്പിക്കാൻ പറ്റിയ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഇത് കുട്ടിയെ വിൽക്കാനാണെന്ന് തെറ്റിദ്ധരിച്ച് ആരോ ചിത്രവും ശബ്ദസന്ദേശവും പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കുഞ്ഞിന്റെ മാതാവ് കട്ടപ്പന പൊലീസിൽ പരാതി നൽകി.
തുടർന്ന് കട്ടപ്പന എസ്.എച്ച്.ഒ ടി.സി. മുരുകനോട് യുവതി കുഞ്ഞിനെ സുരക്ഷിതമായി പാർപ്പിക്കാൻ സഹായം അഭ്യർഥിച്ചു. തുടർന്ന് ഇദ്ദേഹം തൊടുപുഴയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനെ വിവരം അറിയിച്ചു.ഒപ്പം യുവതി ജോലി ചെയ്യുന്ന തോട്ടമുടയെ വിളിച്ച് വിവരങ്ങൾ തിരക്കി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ചർച്ച ചെയ്ത ശേഷമാകും തുടർനടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

