എറണാകുളത്ത് ട്രെയിൻ മിസ്സായി; ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞ് അടുത്ത ട്രെയിനിൽ പിന്നാലെയെത്തി, രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
text_fieldsഷൊർണൂർ: ഡൽഹിയിലേക്കുള്ള രാജധാനി എക്സ്പ്രസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി. രാജസ്ഥാൻ സ്വദേശി ജയ് സിങ് റാത്തോഡ് (46) ആണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് റെയിൽവേ പൊലീസ് പറയുന്നതിങ്ങനെ: രാജധാനി എക്സ്പ്രസിൽ എറണാകുളത്തുനിന്ന് കയറാൻ ജയ് സിങ് ടിക്കറ്റെടുത്തിരുന്നു. എന്നാൽ, ട്രെയിൻ പുറപ്പെടുന്ന സമയത്ത് ഇയാൾക്ക് സ്റ്റേഷനിൽ എത്താനായില്ല. തുടർന്ന് 139 നമ്പറിൽ വിളിച്ച് ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
തൊട്ട് പിറകെയുള്ള ട്രെയിനിൽ തൃശൂരിലെത്തിയാലും കയറിപ്പറ്റാനാകില്ലെന്ന് അറിഞ്ഞതോടെയാണ് ഇങ്ങനെ ചെയ്തത്. സന്ദേശം ലഭിച്ചതിന് പിറകെ രാജധാനി എക്സ്പ്രസ് ഷൊർണൂർ ജങ്ഷനിൽ നിർത്തിയിട്ട് പരിശോധന നടത്തി. രണ്ടര മണിക്കൂറോളം പരിശോധന തുടർന്നു. ഈ സമയം തൃശൂരിൽ ട്രെയിനിറങ്ങിയ ജയ് സിങ് ഓട്ടോറിക്ഷയിൽ ഷൊർണൂരിലെത്തി നിർത്തിയിട്ട ട്രെയിനിൽ കയറിക്കൂടുകയായിരുന്നു.
എറണാകുളത്തുനിന്ന് ജയ് സിങ് കയറിയിട്ടില്ലെന്ന വിവരവും ശേഖരിച്ചിരുന്നു. എന്നാൽ, ബുക്ക് ചെയ്ത ബർത്തിൽ ജയ് സിങ് ഇരിക്കുന്നുണ്ടായിരുന്നു. സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ട്രെയിനിൽ കയറിപ്പറ്റാനുള്ള കുബുദ്ധി വെളിവായത്.

