വീണ്ടും വ്യാജ ബോംബ് ഭീഷണി; ഇത്തവണ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും
text_fieldsതിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
തിരുവനന്തപുരം: വ്യാജ ബോംബ് ഭീഷണിയിൽ വട്ടംചുറ്റി തലസ്ഥാനം. ഞായറാഴ്ച തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലും സെൻട്രൽ റെയിൽവേ സ്റ്റേഷനിലുമായിരുന്നു ബോംബ് ഭീഷണി. വിമാനത്താവളത്തിലെ മാനേജരുടെയും സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെയും ഇ-മെയിലുകളിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇതോടെ, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
വിമാനത്താവളത്തിൽ രാവിലെയാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ടു മണിക്കൂറിനുള്ളിൽ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. പൊലീസും വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗവും മൂന്ന് മണിക്കൂറോളം പരിശോധന നടത്തി. 12 മണിയോടെയാണ് റെയിൽവേ സ്റ്റേഷനിൽ ബോംബ് പൊട്ടുമെന്ന് ട്രാഫിക് പൊലീസിന് ഇ-മെയിൽ ലഭിച്ചത്. രണ്ടുമണിയോടെ, സ്ഫോടനമുണ്ടാകുമെന്നായിരുന്നു സന്ദേശം. പക്ഷേ, റെയിൽവേ സ്റ്റേഷനിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇതോടെ, തലസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഒമ്പതായി. മൂന്ന് ദിവസത്തിനിടയിൽ ജില്ല കോടതി, നഗരത്തിലെ ഹോട്ടലുകൾ, കലക്ടറേറ്റ് അടക്കം ആറു സ്ഥാപനങ്ങളെയാണ് ബോംബ് ഭീഷണി വലച്ചത്. ബോംബ് ഭീഷണിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇ-മെയിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. വിവരങ്ങൾ നൽകാൻ മൈക്രോസോഫ്റ്റിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

