വ്യാജ ചാപ്പ കുത്തൽ: പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
text_fieldsഷൈൻ കുമാർ, ജോഷി
കടയ്ക്കൽ: സൈനികന്റെ ദേഹത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന വ്യാജ പരാതിയിൽ റിമാൻഡിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. രാജസ്ഥാനിലെ ജയ്സാൽമീർ 751 ഫീൽഡ് വർക്ഷോപ്പിൽ സൈനികനായ ചാണപ്പാറ ബി.എസ് നിവാസിൽ ഷൈൻകുമാർ (37), സുഹൃത്ത് മുക്കട ജോഷി ഭവനിൽ ജോഷി (38) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇതിനായി ബുധനാഴ്ച കടയ്ക്കൽ കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു. ആസൂത്രിതമായി വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. 15 വർഷം മുമ്പാണ് ഷൈൻ സൈന്യത്തിൽ ചേർന്നത്. മൂന്ന് വർഷംകൂടി കഴിഞ്ഞാൽ വിരമിക്കാമായിരുന്നു.
ഒരുമാസം മുമ്പാണ് ഷൈൻ അവധിക്ക് നാട്ടിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തിന് പണം കൊടുക്കാൻ പോകവെ ചാണപ്പാറക്കും മുക്കടക്കും ഇടയിലെ ആളൊഴിഞ്ഞ വഴിയിൽ കുറച്ചുപേരെ കാണുകയും ബൈക്ക് നിർത്തി കാര്യം തിരക്കവെ അവർ ഇടവഴിയിലേക്ക് വിളിച്ചുകൊണ്ടുപോയി തന്നെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് പി.എഫ്.ഐ എന്ന് എഴുതുകയും ചെയ്തതായി പരാതിപ്പെട്ടാണ് ഷൈൻ രംഗത്തെത്തിയത്. സംഭവം ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായി. പൊലീസ് നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിൽ പരാതി വ്യാജമെന്ന് തെളിയുകയായിരുന്നു. മുതുകിൽ പി.എഫ്.ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും ജോഷിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്നാണ് സുഹൃത്ത് ജോഷി മൊഴി നൽകിയത്. ചിറയിൻകീഴിൽനിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നായിരുന്നു ജോഷിയുടെ മൊഴി. എന്നാൽ, മധുരയിൽനിന്നാണ് വാങ്ങിയതെന്ന് ഷൈൻകുമാർ മൊഴി നൽകി. മൊഴികളിലെ വൈരുധ്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയാലേ വ്യക്തത വരുത്താനാകൂവെന്നാണ് അന്വേഷണസംഘം പറയുന്നത്. ചൊവ്വാഴ്ച രാത്രിയാണ് പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇരുവരുടെയും ബി.ജെ.പി ബന്ധം പുറത്തുവന്നതോടെ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നതായി നാട്ടുകാർ സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

