എനിക്ക് ഞാനായി തന്നെ മത്സരിക്കാൻ കഴിഞ്ഞു; പരാജയ കാരണം ഭരണവിരുദ്ധ വികാരമല്ല -എം.സ്വരാജ്
text_fieldsനിലമ്പൂർ: നിലമ്പൂരിലെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.സ്വരാജ്. തോറ്റതിന്റെ കാരണം പരിശോധിക്കും. ജനങ്ങൾക്ക് മുന്നിൽവെച്ച വിഷയങ്ങൾ കൃത്യമായി അവരിലേക്ക് എത്തിക്കാൻ കഴിഞ്ഞോ എന്നതിലും പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ മാത്രമാണ് ചർച്ച ചെയ്തത്. ഞങ്ങളുടെ എതിരാളികൾ വിവാദങ്ങൾക്ക് പിറേക പോയപ്പോഴും എനിക്ക് ഞാനായി തന്നെ മത്സരിക്കാൻ കഴിഞ്ഞുവെന്നും സ്വരാജ് പറഞ്ഞു. രാഷ്ട്രീയമത്സരമാണ് നിലമ്പൂരിൽ സി.പി.എം കാഴ്ചവെച്ചത്. അത്തരമൊരു പോരാട്ടം നടത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ സ്വന്തം വീടിരിക്കുന്ന ബൂത്തിൽ പിന്നിൽ പോയതിനെ കുറിച്ചുള്ള ചോദ്യത്തിന് 2016ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തും ഇത്തരത്തിൽ പിന്നിൽ പോയില്ലേ എന്നായിരുന്നു സ്വരാജിന്റെ മറുപടി. ലൈഫ്, പവർകട്ട് ഇല്ലായ്മ തുടങ്ങി നിരവധി നേട്ടങ്ങളാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ എൽ.ഡി.എഫ് സർക്കാർ ഉണ്ടാക്കിയത്. ഇതിനെയൊന്നും ജനങ്ങൾ തള്ളിക്കളയുമെന്ന് വിചാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറെ വാശിയേറിയ നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടിയിരുന്നു. പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് ജയിച്ചത്. വോട്ടെണ്ണല്ലിന്റെ ഒരുഘട്ടത്തിൽ പോലും ലീഡുപിടിക്കാൻ സ്വരാജിന് സാധിച്ചചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

