മാർക്ക് ലിസ്റ്റിനായി ഫഹീമ കാത്തിരുന്നത് 10 വർഷം; ഒടുവിൽ അധികസീറ്റിൽ പ്രവേശനം
text_fieldsപി. ഫഹീമ
തേഞ്ഞിപ്പലം: ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ മൂലം മാർക്ക് ലിസ്റ്റ് ലഭിക്കാതെ 10 വർഷം തുടർപഠനം മുടങ്ങിയ വിദ്യാർഥിനിക്ക് കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി പഠനവിഭാഗത്തിൽ എം.എസ് സി കെമിസ്ട്രിക്ക് അധികസീറ്റ് സൃഷ്ടിച്ച് പ്രവേശനം നൽകി വൈസ് ചാൻസലർ. 2016ൽ ബി.എസ് സി കെമിസ്ട്രി വിജയിച്ച പി. ഫഹീമക്കാണ് വി.സി പ്രത്യേക അധികാരം ഉപയോഗിച്ച് പ്രവേശനം നൽകിയത്.
2016ൽ ബിരുദ കോഴ്സ് പൂർത്തിയാക്കിയെങ്കിലും 2025ലാണ് ഈ വിദ്യാർഥിനിക്ക് സർവകലാശാലയിൽനിന്ന് മാർക്ക് ലിസ്റ്റ് ലഭിച്ചത്. ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ കാരണം അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് പ്രത്യേക കേസായി പരിഗണിച്ച് വൈസ് ചാൻസലർ പ്രഫ. പി. രവീന്ദ്രൻ ഉത്തരവിറക്കുകയായിരുന്നു.
മഞ്ചേരി യൂണിറ്റി കോളജിൽ ബി.എസ് സി കെമിസ്ട്രി പഠിച്ച പി. ഫഹീമ പരീക്ഷ എഴുതിയിട്ടില്ലെന്നും ഉത്തരക്കടലാസ് കാണാനില്ലെന്നുമുള്ള വാദമുന്നയിച്ച് സർവകലാശാല പരീക്ഷാഭവൻ വർഷങ്ങളായി മാർക്ക് ലിസ്റ്റ് നൽകിയിരുന്നില്ല. വിഷയം വിവാദമായതോടെയാണ് മാർക്ക് ലിസ്റ്റ് ലഭിക്കാൻ വഴിയൊരുങ്ങിയത്.
സർവകലാശാല കെമിസ്ട്രി പഠനവിഭാഗത്തിൽ എം.എസ് സിക്ക് പഠിക്കാൻ അവസരം ഒരുക്കിത്തരണമെന്ന ഫഹീമയുടെ നിവേദനം പരിഗണിച്ച വി.സി വിശദ പരിശോധന നടത്തി.
പി.ജി പ്രവേശനനടപടികൾ പൂർത്തിയായെങ്കിലും കെമിസ്ട്രി പഠനവിഭാഗത്തിൽ പ്രത്യേക ഉത്തരവിലൂടെ ഒരു സീറ്റ് അധികം സൃഷ്ടിച്ച് ഫഹീമക്ക് തുടർപഠനാവസരമൊരുക്കുകയായിരുന്നു. ഫഹീമക്കുണ്ടായ ദുരനുഭവം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്ക് ഏറ്റവും വലിയ തെളിവാണെന്ന് നിരീക്ഷിച്ചാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

