Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എമ്മിൽ ചേരിതിരിവ് പ്രകടം; നേതൃത്വത്തെ തിരുത്താൻ ഡിജിറ്റൽ ലഘുലേഖയും

text_fields
bookmark_border
സി.പി.എമ്മിൽ ചേരിതിരിവ് പ്രകടം; നേതൃത്വത്തെ തിരുത്താൻ ഡിജിറ്റൽ ലഘുലേഖയും
cancel

തിരുവനന്തപുരം: പാർട്ടിക്കല്ല, ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന് പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിൽ ഒരു വിഭാഗവും നിലപാട് ആവർത്തിക്കുന്നതിനിടെ പാർട്ടിയെ തിരുത്തിക്കാൻ കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡിജിറ്റൽ ലഘുലേഖ പ്രചരിക്കുന്നു. ‘സാധാരണ തെരഞ്ഞെടുപ്പ് പരാജയമല്ല, ഗുരുതര രാഷ്ട്രീയ സംഘടന മുന്നറിയിപ്പാണിതെന്ന’ തലക്കെട്ടിൽ കേന്ദ്ര അവലോകന റിപ്പോർട്ടിന്റെ 11 പേജുള്ള സംക്ഷിപ്ത പരിഭാഷയുമാണ് സൈബർ പ്രചാരണം.

തോൽവിയുടെ കാരണങ്ങൾ ലളിതവൽക്കരിക്കാൻ സംസ്ഥാന സെക്രട്ടറിയടക്കം ആവർത്തിച്ച് ശ്രമിക്കുമ്പോൾ സമാനതകളില്ലാത്ത തോൽവിയാണ് ഉണ്ടായതെന്നും കേന്ദ്ര അവലോകന റിപ്പോർട്ടിലെ രാഷ്ട്രീയവും സംഘടനാപരവുമായ വിശകലനങ്ങൾ വിശാല സംസ്ഥാന കമ്മിറ്റി അഭിസംബോധന ചെയ്ത് തിരുത്തലുകൾ വരുത്തണമെന്നുമാണ് ഡിജിറ്റൽ ലഘുലേഖയിലെ ആവശ്യം. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശങ്ങളോടുള്ള സമീപനവും നേതാക്കളുടെ ധാർഷ്ട്യവും പക്ഷപാതവും മുതൽ അയ്യപ്പസംഗമത്തിലെ യോഗി ആദിത്യനാഥിന്റെ സന്ദേശം വരെ, പാർട്ടിക്ക് പറ്റിയ പിഴവുകൾ അക്കമിട്ട് എണ്ണിപ്പറയും വിധമാണ് ലഘുലേഖ. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തിൽ വീഴ്ച പറ്റിയെന്ന വിമർശനവും ലഘുലേഖ ആവർത്തിക്കുന്നു.

പാർട്ടിക്ക് വേണ്ടി പ്രതിരോധം തീർത്തിരുന്ന സൈബർ ഹാൻഡിലുകൾ വരെ സംസ്ഥാന ഘടകത്തിന്റെ ലൈനിനെതിരെ തിരുത്തുമായി അണിനിരക്കുന്ന ഈ സാഹചര്യം ആദ്യമാണ്. മുഖ്യമന്ത്രിയായിരുന്ന പിണറായിക്ക് ഇടതുഹാൻഡിലുകളിൽ നിന്ന് ലഭിച്ചിരുന്ന പിന്തുണ പ്രതിപക്ഷ നേതാവായ പിണറായിക്ക് ലഭിക്കുന്നില്ല. ഫലത്തിൽ സംസ്ഥാന പാർട്ടിയിലെ അനിഷേധ്യ സ്വരമായിരുന്ന പിണറായി വിജയന്റെ തീർപ്പുകൾക്ക് പോലും പരസ്യമായി തിരുത്തുണ്ടാകും വിധം സി.പി.എമ്മിനുള്ളിലെ ചേരിതിരിവ് രൂക്ഷമാണെന്ന് വ്യക്തം.

1977ന് ശേഷം രാജ്യത്തെവിടെയും പാർട്ടിക്ക് ഭരണമില്ലാത്ത സാഹചര്യവും തെരഞ്ഞെടുപ്പിലെ തോൽവിയുടെ ആഘാതം വ്യക്തമാക്കുന്ന ശതമാനക്കണക്കുകളുമാണ് ഡിജിറ്റൽ ലഘുലേഖയുടെ ഒന്നാം പേജിലുള്ളത്. എതിരാളികൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങൾ, തകർച്ചയുടെ ഭരണപരവും രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങൾ, അസാധാരണ സ്ഥിതിവിശേഷം, ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തെറ്റായ പ്രയോഗം എന്നിങ്ങനെ വിവിധ അധ്യായങ്ങളാണ് ലഘുലേഖയിലുള്ളത്.

സി.പി.എം സംസ്ഥാന നേതൃത്വം പരസ്യമായി പറയാൻ വിസമ്മതിക്കുന്ന കാര്യങ്ങൾ തുറന്നടിച്ചും തിരുത്തിന് വേണ്ടി വാദിച്ചും പരസ്യ ചർച്ചകൾക്ക് വഴിതുറന്നുവെന്നതാണ് ഈ നീക്കത്തിന്റെ സവിശേഷത. കരുത്തുകൾ ഉറപ്പിച്ചും വീഴ്ചകൾ മറയില്ലാതെ അംഗീകരിച്ചും തിരുത്തിയും കേരളത്തിലെ പാർട്ടി അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയും ലഘുലേഖ മുന്നോട്ടുവെക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Factionalism evident in CPI(M); a digital pamphlet too to correct the leadership
Next Story